മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി നാലിന് അധികാരമേല്‍ക്കും

Mehbooba-Mufti00
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഈ മാസം നാലിന് അധികാരമേറ്റെടുക്കും. മേഖലയില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതിയ കാലഘട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയും വാര്‍ത്ത പുറത്തുവിട്ട പാര്‍ട്ടി നേതാവ് അമിതാഭ് മാട്ടൂ പ്രകടിപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ച് ഗവര്‍ണര്‍ എന്‍.എന്‍.വോറയെ അറിയിച്ചിട്ടുണ്ടെന്ന് പിഡിപി- ബിജെപി നേതാക്കള്‍ അറിയിച്ചു.

മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തോടെയാണ് 10 മാസം നീണ്ട പിഡിപി- ബിജെപി സര്‍ക്കാരില്‍ അനിശ്ചിതത്വം വന്നത്. പിതാവു വഹിച്ച സ്ഥാനം ഏറ്റെടുക്കാന്‍ മെഹ്ബൂബയ്ക്ക് വൈമനസ്യം ഉണ്ടായിരുന്നു. പിന്നീട് ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉറപ്പുവേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിനെത്തുടര്‍ന്നാണ് രണ്ടുമാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു വിരാമമായത്. മാര്‍ച്ച് 26ന് പിഡിപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മെഹ്ബൂബ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

You must be logged in to post a comment Login