മേട സംക്രമവും പുണ്യോദയത്തിന്റെ വിഷുവും

  • ശ്രീകല ചിങ്ങോലി

സൂര്യന്റെ രണ്ട് അയനങ്ങളില്‍ (ദീര്‍ഘവൃത്താകൃതിയിലുള്ള സങ്കല്‍പ യാത്രയില്‍) ഭൂമിയോട് ഏറ്റവും അടുത്തുവരുന്നതും ദിനരാത്രങ്ങള്‍ തുല്യമായി വരുന്നതുമായ ദിനങ്ങള്‍ ഒരു വര്‍ഷത്തില്‍ രണ്ടുതവണയുണ്ട്. അവ മേടവിഷുവെന്നും തുലാവിഷുവെന്നും അറിയപ്പെടുന്നു. ഉത്തരായനത്തില്‍ വരുന്നത് മേടവിഷുവും ദക്ഷിണായനത്തില്‍ വരുന്നത് തുലാവിഷുവുമാണ്. വിഷു എന്ന വാക്കിന് ‘തുല്യമായ’ എന്ന അര്‍ത്ഥമാണുള്ളത്. രാത്രിയും പകലും തുല്യദൈര്‍ഘ്യത്തില്‍ വരുന്നതിനാല്‍ ആ ദിവസം വിഷുവാണ്. മനുഷ്യന്റെ ഒരുവര്‍ഷം ദേവന്‍മാരുടെ ഒരു ദിനമായാണ് കണക്കാക്കുന്നത്. ദേവദിനത്തിന്റെ ഒരു പകല്‍ ഉത്തരായനകാലവും രാത്രി ദക്ഷിണായനകാലവുമാണ്. ഇതില്‍ ഉത്തരായന കാലത്തിന്റെ മധ്യത്തിലാണ് മേടവിഷു. വടക്ക് ഉയര്‍ന്നതായും തെക്ക് താണതായും നമ്മുടെ പുരാണങ്ങളില്‍ ഒരു സങ്കല്പമുണ്ട്. നമ്മള്‍ ഭൂപടം നോക്കുമ്പോള്‍ നമ്മുടെ ശിരസ്സ് ഭാഗം വടക്കും കാലിന്റെ ഭാഗം തെക്കുമായാണ് സങ്കല്പിക്കുക. വടക്കോട്ടുള്ള യാത്ര ഉയര്‍ച്ചയുടെ നല്ല കാലത്തിന്റെ ദിവസങ്ങള്‍ ആണെന്നതിനാല്‍ മഹാഭാരതത്തില്‍ ഭീഷ്മ പിതാമഹന്റെ മരണം പോലും ഉത്തരായനകാലം കാത്തിരുന്നു വെന്നും ശരശയ്യയിലായിട്ടുപോലും ഇതില്‍ നിന്ന് അദ്ദേഹം വ്യതിചലിച്ചില്ലെന്നും വിവരിക്കുന്നുണ്ട്.

സാമൂഹ്യബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു ദിനം കൂടിയാണ് വിഷു. പരസ്പര സഹായത്തിന്റെയും സഹവര്‍ത്തിത്ത്വത്തിന്റെയും ചരിത്രവും ഇതിലുണ്ട്. തൊഴിലാളികള്‍ കാഴ്ചദ്രവ്യങ്ങള്‍ നല്‍കിയും തൊഴിലുടമ കൈനീട്ടം നല്‍കിയും അവരുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നു.
ജീവസന്ധാരണത്തിനുതകുന്ന വിത്തുകളും കായ്കനിയും വിഷുകണിയായി ഒരുക്കുന്നതിലൂടെ പ്രകൃതിയുമായി എക്കാലവും അഭേദബന്ധം സ്ഥാപിച്ചുനില്‍ക്കുന്ന ഒരു കാര്‍ഷിക സംസ്‌കാരം ഇവിടെ ചിരപുരാതന കാലമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. വിഷുക്കണി അതിന്റെ പ്രത്യക്ഷ സാക്ഷ്യമാണ്. വിഷുക്കണിയില്‍ സ്ഥാനം പിടിക്കുന്ന ഒട്ടെല്ലാ വസ്തുക്കളും നമ്മുടെ കാര്‍ഷികാധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന വിളകള്‍ തന്നെയാണ്.

സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്കു പ്രവേശിക്കുന്ന കാലമാണ് വിഷുക്കാലം. ഭൂമദ്ധ്യ രേഖയോട് ഏറ്റവുമടുക്കുന്ന സൂര്യന്റെ ഉച്ചസ്ഥായീഭാവം ഭൂമിയെ കൂടുതല്‍ ഉര്‍വ്വരയാക്കുന്ന സമയം കൂടിയാണ് വിഷു.
വിജയ മങ്ങേക്കു വിഷുവമേ
ലോകഭജനീയോത്സവതിലകമേ
മഹിമ തിങ്ങുന്നോരവിടുത്തെ-
കാണ്‍മാന്‍
ബഹുലക്ഷം നേത്രമുഴലുന്നു.
അതെ, വിഷുവിന്റെ കമനീയതയും സമൃദ്ധിയും സൗഭാഗ്യവും മതിയാവോളം കണ്ടുനിറയാന്‍ ഓരോ മലയാളിയും കൊതിയോടെയാണ് കണ്ണു തുറക്കുന്നത്. പ്രാചീന ചരിത്രരേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷു അത്രയേറെ പ്രാധാന്യമര്‍ഹിച്ചിരുന്നു. മഹോദയപുരത്തെ പ്രസിദ്ധനായ ചക്രവര്‍ത്തി ഭാസ്‌കര രവി വര്‍മ്മന്റെ നാല്പത്തിയെട്ടാം ഭരണവര്‍ഷത്തില്‍ എഴുതപ്പെട്ട തൃക്കൊടിത്താനം ശാസനത്തില്‍ വിഷുവിനെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.’കോപ്പാര്‍ക്കര ഇരവി രവിവര്‍മ്മന്‍ തിരുവടിക്കു ചെല്ലാ നിന്റെ മാണ്ടെക്കെതിരാമണ്ട് നാല്‍പത്തെട്ടാം യെന്റെ തുലാത്തില്‍ വിയാഴന്‍ നിന്റെ ചിത്തിര വിഴുവില്‍ നാള്‍’ അപൂര്‍ണ്ണമായ ആ രേഖയില്‍ ചേര്‍ത്തിരിക്കുന്ന ചിത്തിരവിഴു നമ്മുടെ കാര്‍ഷികോത്സവമായ വിഷു തന്നെയാണ്. ചിത്തിരവിഴുവിനു നടന്ന സംഭവത്തെക്കുറിച്ച് രേഖയില്‍ വിവരിച്ചിട്ടില്ല. മഹോദയപുരം തലസ്ഥാനമാക്കി എ.ഡി. 8-ാം ശതകം മുതല്‍ 12-ാം ശതകം വരെ കേരളം ഭരിച്ച കുലശേഖര ചക്രവര്‍ത്തിമാരില്‍ പ്രധാനിയാണ് ഭാസ്‌കര രവിവര്‍മ്മന്‍. അക്കാലത്തെ പല ശാസനങ്ങളും കേരളത്തിലെ പ്രധാന വിഷ്ണു ക്ഷേത്രങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതിനാല്‍ കുലശേഖര•ാര്‍ വൈഷ്ണവ വിശ്വാസികളാണെന്ന് കാണാം. ഇക്കാലത്ത് വൈഷ്ണവ വിശ്വാസവുമായി ബന്ധപ്പെട്ട വിഷുവിന് കേരളത്തില്‍ പ്രചുര പ്രചാരം കിട്ടി. എന്നാല്‍ അതിനു വളരെക്കാലം മുന്‍പു മുതലേ വിഷു കേരളത്തില്‍ ആഘോഷിക്കപ്പെട്ടിരുന്നു.

ചരിത്രനിരീക്ഷകര്‍ ഇക്കാലത്തെ സ്ഥാണു രവിവര്‍മ്മയുടെ കാലഘട്ടവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. കേരളത്തിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്ന സ്ഥാണു രവിവര്‍മ്മയുടെ കാലത്താണ് ശാസ്ത്രസാങ്കേതിക ഗണിത രംഗങ്ങളില്‍ കേരളം അത്യുന്നതങ്ങളില്‍ എത്തിയത്.
‘ശങ്കരനാരായണീയം’ എന്ന ഗണിത ശാസ്ത്ര ഗ്രന്ഥത്തിന്റെ രചനയും ഇക്കാലത്താണ്. മഹോദയപുരത്തെ നക്ഷത്രബംഗ്ലാവും ജ്യോതിശാസ്ത്ര ഗവേഷണരംഗത്തെ പുരോഗതികളും വിലയിരുത്തുമ്പോള്‍ വിഷുവിന്റെ ജ്യോതിശാസ്ത്ര പ്രധാന്യം അക്കാലത്തേ കണ്ടറിഞ്ഞിരുന്നവെന്നു വേണം കരുതാന്‍. എന്നാല്‍ വിഷുവും ഓണവുമെല്ലാം ഇക്കാലത്തിനു മുമ്പേ കേരളത്തില്‍ ആഘോഷിക്കപ്പെട്ടിരുന്നുവെന്നു തെളിയിക്കുന്ന ചരിത്രരേഖകള്‍ ഉണ്ടായിരുന്നുവെങ്കിലും അവയ്‌ക്കൊന്നും അടിസ്ഥാനപരമായ ആചാര രീതികളോ ചിട്ടകളോ അന്ന് കണ്ടുവന്നിരുന്നില്ല.
പഴയകാലത്ത് ഉഴവിടല്‍ എന്നൊരു ചടങ്ങുണ്ടായിരുന്നു. അതുപോലെ പ്രത്യേകതരം കൃഷിരീതിയായിരുന്നു കാടും പടലും വെട്ടിതെളിച്ച് തീയിടും കെട്ടടങ്ങി മണ്ണാറുമ്പോള്‍ മണ്ണ് ഉഴും. ഇതാണ് ഉഴവിടല്‍. അതിനുശേഷം വിളയിറക്കും. ഇത് നടത്തിയിരുന്നത് മേടമാസത്തിലാണ്. മേടം ഒന്നാണ് വിഷു. അപ്പോഴും വിഷുവിന് കൃഷി ഭൂമിയുമായും കൃഷിയുമായാണ് ബന്ധം.

ജന്‍മിത്ത കാലത്തെ യജമാനന്‍- അടിയാളന്‍ ബന്ധങ്ങളുടെ ചില നല്ല വശങ്ങളെയും വിഷുവാചാരങ്ങള്‍ പ്രതീകവല്‍ക്കരിക്കുന്നുണ്ട്്. ബന്ധത്തിന്റെയും വിശ്വാസത്തിന്റെയും നല്ല പാഠങ്ങളിലധിഷ്ഠിതമായിരുന്നു അന്നത്തെ കൃഷിരീതികള്‍. പുഷ്ടിയുടേയും തുഷ്ടിയുടേയും പ്രതീക്ഷയുടേയും പ്രസന്നതയുടേയും അമൃതം ഭൂമിയില്‍ നിറയുന്ന കാലമാണ് വിഷുക്കാലം. രാപ്പകലുകള്‍ തുല്യങ്ങളായി സന്ധി ചെയ്യുന്ന വിഷുവും സമൃദ്ധിയുടെ നീതിയെ ക്ഷണിച്ചു വരുത്തുന്ന ഋതുവാണ്. കണികണ്ട് ഭൂമിയെ വന്ദിച്ചു കൃഷി ചെയ്യുന്ന കര്‍ഷകന് പ്രകൃതിക്ഷോഭങ്ങളെ ഭയമില്ലായിരുന്നു. മനുഷ്യന്റെ അനുഭവ സമൃദ്ധിയിലേക്കുള്ള പരിക്രമണം കൂടിയാണിത്. മേടമാസം കഴിഞ്ഞുവരുന്ന ആദ്യസൂര്യോദയത്തിലാണ് വിഷുക്കണി കാണുന്നത്. അന്ന് പുതുവത്സരപുലരിയാണ്. വിഷുദിവസം മുതല്‍ ഒരു വര്‍ഷത്തേക്കുണ്ടാകുന്ന ശുഭാശുഭങ്ങള്‍ വിഷുക്കണിയെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കുമെന്ന് ഇപ്പോഴും വിശ്വസിക്കപ്പെടുന്നു.

അതിനാല്‍ മംഗള വസ്തുക്കളുടെ ഒരു സഞ്ചയമാണ് വിഷുക്കണി. ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും ആധാരമായിട്ടുളളത് സൗരോര്‍ജ്ജമാണ്. സര്‍വ്വ ചാരാചരങ്ങളേയും ചൈതന്യവല്‍ക്കരിക്കുന്ന കര്‍മ്മസാക്ഷി സൂര്യനാണ്. രാശിചക്രത്തില്‍ മേടത്തിനാണ് പ്രഥമസ്ഥാനം. ജ്ഞാനത്തിന്റെയും സമ്പദ്‌സമൃദ്ധിയുടേയും ആരോഗ്യത്തിന്റെയും പ്രതീകമാണ് സൂര്യരശ്മി. സസ്യങ്ങളുടെ നിലനില്‍പ്പിനും കൃഷിയുടെ സമൃദ്ധിക്കും സൂര്യന്‍ കനിയണം. ഈ സൂര്യന്റെ ശക്തി ഏറ്റവും പ്രകടമായ കാലമാണ് വിഷുക്കാലം. അതിനാല്‍ കൃഷി സമൃദ്ധമാകുന്ന കാര്‍ഷികോത്സവം കൂടിയാണ് വിഷു. മറ്റെല്ലാ ആഘോഷത്തേക്കാളും ജ്യോതിശാസ്ത്രപരമായ പ്രാധാന്യവും വിഷുവിനുണ്ട്. ഒരുകൃഷിവലന്റെ, ഗോക്കളെ മേയ്ക്കുന്ന ഗോപാലബാലന്റെ രൂപമാണ് മഞ്ഞപ്പട്ടു ചാര്‍ത്തി, കൊന്നപ്പൂങ്കുല ചൂടിച്ച് നമ്മള്‍ കണി മധ്യത്തില്‍ വയ്ക്കുന്നത്. അതും നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രത്യക്ഷ പ്രതീകമാണ്. അങ്ങനെ രാപ്പകലുകളുടെ തുല്യതയില്‍ നിന്നുള്ള പുതുവര്‍ഷോദയമായും ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്കുള്ള പുണ്യോദയമായും വിഷു കടന്നു വരുന്നു. ഓര്‍മ്മകളില്‍ മഞ്ഞ കിങ്ങിണി ചാര്‍ത്തിയ ഒരു കണിക്കൊന്നയും വിഷുഗീതം പാടുന്ന ഒരു മഞ്ഞപ്പൈങ്കിളിയും ഒരിക്കല്‍ കൂടി കൈനീട്ടവുമായെത്തുന്നു.

 

 

You must be logged in to post a comment Login