മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ പൊലീസ് കേസ്

മൈക്രോഫിനാന്‍സ് ഇടപാടിലൂടെ ഇവര്‍ മൂന്നു കോടിയിലധികം രൂപ തട്ടിച്ചുവെന്നായിരുന്നു പരാതി. ചെങ്ങന്നൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

velleppally

ആലപ്പുഴ: മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനും വൈസ് പ്രസിഡന്റ് തുഷാറിനുമെതിരെ പൊലീസ് കേസ്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ ഇരുവര്‍ക്കും എതിരേ കേസെടുക്കാന്‍ ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നാണു നടപടി.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താന്‍ ജനുവരി 20 ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഈ കേസ് മാര്‍ച്ച് അഞ്ചിന് കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ചെങ്ങന്നൂര്‍ പൊലീസും കേസെടുത്തിരിക്കുന്നത്.

മൈക്രോഫിനാന്‍സ് ഇടപാടിലൂടെ ഇവര്‍ മൂന്നു കോടിയിലധികം രൂപ തട്ടിച്ചുവെന്നായിരുന്നു പരാതി. ചെങ്ങന്നൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്റെ ഫണ്ടില്‍നിന്നും വിവിധ ബാങ്കുകളില്‍നിന്നും കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്തു കൂടിയ പലിശയ്ക്കു പാവപ്പെട്ട സ്ത്രീകള്‍ക്കു നല്‍കി കോടികള്‍ തട്ടിയെടുത്തുവെന്നാണ് ഇരുവര്‍ക്കുമെതിരെയുളള കേസ്.

പാവപ്പെട്ട സ്ത്രീകളുടെ ക്ഷേമത്തിനായി അഞ്ച് ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ പലിശയ്ക്കു വിതരണം ചെയ്യാന്‍ കോര്‍പ്പറേഷനും ബാങ്കുകളും നല്‍കിയ പണം 12 മുതല്‍ 18 ശതമാനംവരെ പലിശ ഈടാക്കിയാണ് വായ്പ നല്‍കിയതെന്നും ഇരുവര്‍ക്കുമെതിരായ പരാതിയില്‍ പറഞ്ഞിരുന്നു.

You must be logged in to post a comment Login