മൊറോക്കോ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് പിജെഡി പാര്‍ട്ടിക്ക് ജയം

ggg

റബാത്: ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്ക് (പി.ജെ.ഡി) ജയം. 125 സീറ്റുകള്‍ നേടിയാണ് പി.ജെ.ഡി ഭരണത്തുടര്‍ച്ച നേടിയത്. പ്രതിപക്ഷമായ ഓതന്റിസിറ്റി ആന്‍ഡ് മോഡേണിറ്റി പാര്‍ട്ടി (പി.എ.എം) 103 സീറ്റുകള്‍ നേടി രണ്ടാമതും 49 സീറ്റുകളുമായി ഇസ്തിഖ്‌ലാല്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തും എത്തി. 2011 മുതലാണ് പി.ജെ.ഡി ഭരണത്തിലേറിയത്. 1956 ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷം മൊറോക്കോയില്‍ നടക്കുന്ന 10-ാമത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണിത്.

ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് പ്രധാനമന്ത്രി അബ്ദുല്‍ ഇലാഹ് ബന്‍കീരാന്‍ പ്രതികരിച്ചു. അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങളെ ജനം അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 395 അംഗ ഹൗസ് ഓഫ് റെപ്രസന്‍േററ്റിവ്‌സില്‍ കൂടുതല്‍ സീറ്റുകളും പി.ജെ.ഡി നേടി. മൊറോകോ രാജാവ് മുഹമ്മദ് ആറാമന്‍ പാര്‍ട്ടിയെ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഉടന്‍ ക്ഷണിക്കുമെന്നാണ് കരുതുന്നത്.

അഞ്ചുവര്‍ഷത്തെ അധികാരത്തിനിടെ ഇസ്ലാമിക് പാര്‍ട്ടിക്ക് കാര്യമായൊന്നും ചെയ്യാനായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം മാനിക്കുന്നുവെന്നും എന്നാല്‍, പി.ജെ.ഡിയുമായി സഹകരിക്കുകയില്ലെന്നും പ്രതിപക്ഷ പാര്‍ട്ടിയായ പി.എ.എം വ്യക്തമാക്കി.

You must be logged in to post a comment Login