മോഡിയുടെ സൗദി സന്ദര്‍ശനം ഇന്നുമുതല്‍; നിരവധി കരാറുകളില്‍ ഒപ്പുവയ്ക്കും

റിയാദ് : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് (തിങ്കളാഴ്ച) സൗദി അറേബ്യയിലെത്തും. തിങ്കളാഴ്ച രാത്രി സൗദി തലസ്ഥാനമായ റിയാദിലെത്തുന്ന പ്രധമന്ത്രിയെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. ഇന്ത്യയും സൗദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ യാത്ര.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അജിത് ഡോവല്‍ കഴിഞ്ഞ ദിവസം സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. മോഡിയുടെ സന്ദര്‍ശനത്തിന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു ഡോവലിന്റെ യാത്ര. സൗദിയിലെത്തിയ ഡോവല്‍ കശ്മീര്‍ ഉള്‍പ്പെടെ വിഷയങ്ങള്‍ സൗദി കിരീടവകാശിയുമായി ചര്‍ച്ച നടത്തിയിരുന്നു. സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസൈദ് അല്‍ ഐബാനുമായും ചര്‍ച്ച നടത്തിയിരുന്നു . കശ്മീരിന്‍ പ്രത്യേക പദവി ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ സൗദി സന്ദര്‍ശനം കൂടിയാണിത്.

2016ലാണ് ആദ്യമായി പ്രധാനമന്ത്രി മോഡി സൗദിയിലെത്തിയത്. സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ആധുനിക സൗദിയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ പേരിലുള്ള ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഏറെ സഹായകമായിരുന്നു അന്നത്തെ സന്ദര്‍ശനം.

You must be logged in to post a comment Login