മോദിക്കെതിരെ രാഹുല്‍ ഉന്നയിച്ച അഴിമതിയാരോപണം കോണ്‍ഗ്രസിന് തിരിച്ചടിയായി : സഹാറ പട്ടികയില്‍ ഷീലാ ദീക്ഷിതിന്റെ പേര്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ അഴിമതിയാരോപണങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി .മോദി പണം കൈപ്പറ്റിയെന്ന് പറയുന്ന പട്ടികയില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പേരുള്‍പ്പെട്ടതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുന്നത്.

എന്നാല്‍ സംഭവം നിഷേധിച്ച് ഷീലാ ദീക്ഷിത് തന്നെ രംഗത്തെത്തി.സഹാറ പട്ടികയില്‍ തന്റെ പേരുണ്ടെന്നത് വ്യാജമാണ്. ഇതിനെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം കേവലം കേട്ടുകേള്‍വികള്‍ മാത്രമാണ്. തനിക്കിതിനെക്കുറിച്ച് യാതൊന്നും അറിയില്ല. ആരോപണങ്ങളെയെല്ലാം തള്ളിക്കളയുന്നതായും അവര്‍ പറഞ്ഞു. ലിസ്റ്റില്‍ ധാരാളം മുഖ്യമന്ത്രിമാരുടെ പേരുവിവരങ്ങള്‍ ഉണ്ടെന്നും എന്നാല്‍ മറ്റുളളവരെക്കുറിച്ചൊന്നും നിങ്ങള്‍ പറയാത്തതെന്താണെന്നും ഷീല ദീക്ഷിത് ചോദിച്ചു. ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവായിരുന്ന പ്രശാന്ത് ഭൂഷണ്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങളാണിതെന്നും ഇതിലൊന്നും യാതൊരു അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനാല്‍ സുപ്രീംകോടതി തള്ളിയതാണെന്നും ഷീല ദീക്ഷിത് പറഞ്ഞു. എന്നിട്ടും കോണ്‍ഗ്രസ് ഇത് ട്വീറ്റ് ചെയ്തപ്പോള്‍ താന്‍ കണ്ടപ്പോള്‍ അത്ഭുതപ്പെട്ട് പോയെന്നും അവര്‍ പറഞ്ഞു.

ഗുജറാത്തില്‍ കഴിഞ്ഞദിവസം നടന്ന റാലിയിലാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി അഴിമതിയാരോപണം ഉന്നയിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി ബിര്‍ള, സഹാറ ഗ്രൂപ്പുകളില്‍ നിന്നും 40 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ട്വിറ്റര്‍ വഴി കോണ്‍ഗ്രസ് ഇതിന്റെ ലിസ്റ്റ് പുറത്തുവിട്ടു.ഈ പട്ടികയിലാണ് ഷീല ദീക്ഷിതിന്റെ പേരുണ്ടായിരുന്നത്. ഡല്‍ഹി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഷീല ദീക്ഷിത് ഒരുകോടി രൂപ കൈപ്പറ്റി എന്നാണ് രേഖയില്‍ പറയുന്നത്.

മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരും പണം കൈപ്പറ്റിയതായി രേഖയില്‍ കാണിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ് ഷീല ദീക്ഷിത്.

You must be logged in to post a comment Login