മോദിക്ക് നന്ദി: സബര്‍മതിയിലെ ഗാന്ധിജിയുടെ ചിത്രത്തില്‍ മാലചാര്‍ത്തി, സന്ദര്‍ശക പുസ്തകത്തില്‍ ഗാന്ധിജിയെ പരാമര്‍ശിക്കാതെ ട്രംപ്

അഹമ്മദാബാദ്: സബര്‍മതി ആശ്രമം സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടെയുള്ള സന്ദര്‍ശക ബുക്കില്‍ കുറിച്ചത് മോദിക്കുള്ള നന്ദി. മഹാത്മഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ തനിക്ക് സന്ദര്‍ശനം ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി എന്നാണ് ട്രംപ് കുറിച്ചത്.

‘എന്റെ മഹത്തായ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് വിസ്മയ സന്ദര്‍ശനമൊരുക്കിയതിന് നന്ദി’ ഇതാണ് ട്രംപ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ബുക്കിലെഴുതിയത്. ആശ്രമവുമായി ബന്ധപ്പെട്ടും മഹാത്മാഗാന്ധിയെ കുറിച്ചുമാണ് സാധാരണ ഇവിടെ സന്ദര്‍ശനം നടത്തുന്നവര്‍ സന്ദര്‍ശക ബുക്കില്‍ എഴുതാറുള്ളത്. അതേസമയം ആശ്രമത്തിലെത്തിയ ഉടന്‍ ട്രംപ് മോദിക്കൊപ്പം ഗാന്ധിജിയുടെ ചിത്രത്തില്‍ മാലചാര്‍ത്തി.

ആശ്രമത്തിലെ ചര്‍ക്കയില്‍ ഭാര്യ മെലാനിയക്കൊപ്പം നൂല്‍ നൂല്‍ക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ രാവിലെ 11.40 ഓടെ എത്തിയ ട്രംപും കുടുംബവും റോഡ് ഷോ ആയി നേരെ സബര്‍മതി ആശ്രമത്തിലേക്കാണ് ആദ്യം എത്തിയത്. ഇവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോഡ് ഷോ പുനരാരംഭിച്ച് അദ്ദേഹം മൊട്ടേര സ്റ്റേഡയത്തിലേക്ക് പോകുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമ മോദി അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

You must be logged in to post a comment Login