മോദിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് മമത; ലോക നാടകദിനത്തില്‍ പ്രധാനമന്ത്രിക്ക് എല്ലാവിധ ആശംസകളെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഡിആര്‍ഡിഒയെ അഭിനന്ദിച്ചും പ്രധാനമന്ത്രിയെ കളിയാക്കിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മിസൈല്‍ പരീക്ഷണ വിജയത്തില്‍ ഡിആര്‍ഡിഒയെ അഭിനന്ദിക്കുന്നു. ലോക നാടകദിനത്തില്‍ പ്രധാനമന്ത്രിക്ക് എല്ലാവിധ ആശംസകളെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

അതേസമയം മോദിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് മമത ബാനര്‍ജി പറഞ്ഞു. ബിജെപിയുടെ മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനുള്ള പ്രാണവായുവാണ് മിസൈല്‍ പരീക്ഷണം. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മമത പറഞ്ഞു.

Rahul Gandhi

@RahulGandhi

Well done DRDO, extremely proud of your work.

I would also like to wish the PM a very happy World Theatre Day.

17.9K people are talking about this

അതേസമയം, മോദിയുടെ ഇന്നത്തെ പ്രഖ്യാപനം വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യം കൈവരിച്ച നേട്ടത്തെ കുറിച്ചാണെന്ന വിവരങ്ങളും പുറത്തുവരുന്നത്. മോദി ചരിത്രനേട്ടമായി ഉയര്‍ത്തിക്കാട്ടിയ ‘മിഷന്‍ ശക്തി’ പദ്ധതിക്ക് തുടക്കമിട്ടത് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി ആയിരുന്ന കാലത്തായിരുന്നു. ഈ നേട്ടം 2010ല്‍ കൈവരിച്ചതായി ഡിആര്‍ഡിഒ പരസ്യമായി പ്രസ്താവന ഇറക്കുകയും ചെയ്തു.

2010 ഫെബ്രുവരി പത്താം തീയ്യതിയാണ് ഇതു സംബന്ധിച്ച പ്രസ്താവന അന്നത്തെ ഡിആര്‍ഡിഒ ചീഫ് സയന്റിഫിക് അഡൈ്വസറായ വി കെ സരസ്വത് പറഞ്ഞത്. ഇതില്‍ യഥാര്‍ത്ഥ ഉപഗ്രഹത്തെ തകര്‍ക്കുന്ന നടപടി മാത്രമാണ് അവശേഷിക്കുന്നതെന്നും അന്നത്തെ പത്രവാര്‍ത്തകളില്‍ നിന്നും വ്യക്തമാണ്. അഗ്നി രണ്ടില്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയാണ് ഇത് ഉപഗ്രഹവേധ മിസൈലാക്കി മാറ്റിയത്.

ഇതിന് ശേഷം 2012ലും ഡിആര്‍ഡിഒ ഉപഗ്രഹവേധ മിസൈല്‍ വിജയകരമാണെന്ന് അവകാശപ്പെട്ടിരുന്നു. 2012 മെയ് മാസത്തില്‍ ഡിആര്‍ഡിഒ നടത്തിയ പരീക്ഷണത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് പ്രധാനമന്ത്രി അവകാശപ്പെട്ട ഉപഗ്രഹനശിപ്പിക്കലെന്ന് വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു. ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ ഉന്നമിടാനും നശിപ്പിക്കാനുമുള്ള ശേഷി ഇന്ത്യ കൈവരിച്ചെന്ന വാര്‍ത്ത 2012 മെയ് ഏഴിന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡിഫന്‍സ് റിസേര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസഷന്‍ (ഡിആര്‍ഡിഒ) മേധാവിയും പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേശകനുമായിരുന്ന വിജയ് സാരസ്വത് അന്ന് ഈ വിജയത്തെ കുറിച്ച്‌ വ്യക്തമാക്കിയത് ഇങ്ങനെ: 2014ഓടെ അഗ്‌നി, എഡി2 ബാലിസ്റ്റിക് മിസൈല്‍ എന്നിവയെ അടിസ്ഥാനമാക്കി സാങ്കേതികത്തികവാര്‍ന്ന അസാറ്റ് ആയുധം നിര്‍മ്മിച്ചെടുക്കുമെന്ന് സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായും വാര്‍ത്തയിലുണ്ട്. ഈ ഉപഗ്രവവേധ ആയുധം പക്ഷെ പരസ്യമായി പരീക്ഷിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച ഡിആര്‍ഡിഒ മേധാവി ഇന്ത്യ തങ്ങളുടെ ശേഷി സാറ്റലൈറ്റ് തകര്‍ത്തുകൊണ്ട് പരീക്ഷിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ബഹിരാകാശത്ത് ബാക്കിയായേക്കാകുന്ന അവശിഷ്ടങ്ങള്‍ മറ്റ് ഉപഗ്രഹങ്ങളെ നശിപ്പിച്ചേക്കുമെന്നാണ് അദ്ദേഹം കാരണമായി ചൂണ്ടിക്കാണിച്ചത്.

ഇന്ത്യ ബഹിരാകാശ രംഗത്ത് വന്‍ ശക്തിയായി മാറിയെന്നാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ രാജ്യത്തെ അറിയിച്ചത്. ലോ ഓര്‍ബിറ്റ് സാറ്റ്ലൈറ്റിനെ ഇന്ത്യ വെടിവെച്ചിട്ടെന്നും മൂന്ന് മിനിട്ടിനുള്ളില്‍ പരീക്ഷണം പൂര്‍ത്തിയായെന്നും മോദി അവകാശപ്പെടുകയുണ്ടായി. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തിലൂടെ ലോകത്ത് മൂന്ന് രാജ്യങ്ങള്‍ മാത്രം കൈവരിച്ച നേട്ടം ഇന്ത്യയും കൈവരിച്ചെന്നാണ് പ്രധാനമന്ത്രി മോദി രാജ്യത്തെ അറിയിച്ചത്. അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് ഈ നേട്ടം മുമ്പ് കൈവരിച്ചതെന്നും ഇന്ത്യ നാലാമത്തെ രാജ്യമായെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ പുതിയ പരീക്ഷണത്തിലൂടെ സാങ്കേതികമായി വലിയ നേട്ടം ഇന്ത്യക്ക് അവകാശപ്പെടാനാകില്ലെന്നാണ് ശാസ്ത്രരംഗത്തുള്ളവരും പറയുന്നത്. സാങ്കേതിക നേട്ടം നേരത്തെ തന്നെ രാജ്യം കൈവരിച്ചതാണ്. അതിന്റെ പരീക്ഷണം മാത്രമാണ് ഇപ്പോള്‍ നടന്നതെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇതൊരു രാഷ്ട്രീയനീക്കമായി വിലയിരുത്താമെന്നാണ് പൊതു വിലയിരുത്തല്‍. അമേരിക്കയ്ക്കും ചൈനയ്ക്കും റഷ്യക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യ ബഹിരാകാശ വന്‍ശക്തിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.

300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലുള്ള ഉപഗ്രഹമാണ് തകര്‍ത്തത്. മിഷന്‍ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനായിരുന്നു. മൂന്നുമിനിറ്റില്‍ ലക്ഷ്യം കണ്ടതായും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ഒരു രാജ്യത്തിനും എതിരല്ലെന്ന് മോദി വ്യക്തമാക്കി. പ്രതിരോധത്തിനു മാത്രമാണ് പുതിയ ശേഷി ഉപയോഗിക്കുക. ബഹിരാകാശത്തില്‍ ആയുധമല്‍സരത്തിന് ഇന്ത്യ എതിരെന്നും മോദി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login