മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യ അമേരിക്കയുടെ ജൂനിയര്‍ യുദ്ധ പങ്കാളിയായി: പിണറായി

തിരുവനന്തപുരം: നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യ, അമേരിക്കയുടെ ജൂനിയര്‍ യുദ്ധ പങ്കാളിയായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആയുധ വ്യാപാരികള്‍ക്കു വേണ്ടി അമേരിക്കന്‍ യുദ്ധ നയങ്ങള്‍ മാറ്റി മറിക്കുമ്പോള്‍ ഇന്ത്യ അതിനു കുഴലൂതുകയാണെന്നും ഫിദല്‍ കാസ്‌ട്രോയുടെ മരണാനന്തര ചടങ്ങുകളില്‍നിന്ന് പ്രധാനമന്ത്രി വിട്ടു നിന്നത് അമേരിക്കയെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും പിണറായി ആരോപിച്ചു. ഐപ്‌സോ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകമെങ്ങും സമാധാനത്തിനു വേണ്ടി കാംക്ഷിക്കുമ്പോള്‍ ഇന്ത്യ പരമ്പരാഗതമായ ചേരിചേരാ നയങ്ങളില്‍ നിന്നു പോലും പിന്നോട്ടു പോവുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയെ അമേരിക്കയോടു കൂടുതല്‍ അടുപ്പിച്ചത്. നരേന്ദ്ര മോദി വന്നതോടെ ആ അടുപ്പത്തിന്റെ ആഴവും വ്യാപ്തിയും വര്‍ധിച്ചു. സൈനിക കാര്യങ്ങളില്‍ പോലും അമേരിക്കയുമായി സൗഹൃദം പങ്കിടാമെന്ന സ്ഥിതിയിലാണ് ഇന്ത്യ ഇപ്പോള്‍. റഷ്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ പോലും ഇന്നത്തെ ഘട്ടത്തില്‍ ഇന്ത്യ അമേരിക്കയ്‌ക്കൊപ്പം നില്‍ക്കുന്നതു കാണാമെന്നും പിണറായി പറഞ്ഞു.

You must be logged in to post a comment Login