മോഷ്ടിക്കപ്പെട്ടത് വിമാന വാഹിനി കപ്പൽ വിക്രാന്തിന്റെ ഡിസൈൻ; സംഭവം അതീവഗൗരവതരമെന്ന് ഡിജിപിക്ക് റിപ്പോർട്ട്

മോഷ്ടിക്കപ്പെട്ടത് വിമാന വാഹിനി കപ്പൽ വിക്രാന്തിന്റെ ഡിസൈൻ; സംഭവം അതീവഗൗരവതരമെന്ന് ഡിജിപിക്ക് റിപ്പോർട്ട്
കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡിൽ നിർമിക്കുന്ന വിമാന വാഹിനി കപ്പല്‍ വിക്രാന്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടത് കപ്പലിന്റെ ഡിസൈൻ. യന്ത്ര സാമഗ്രി വിന്യാസവും രൂപരേഖയും രേഖപ്പെടുത്തിയ കപ്പലിലെ കമ്പ്യൂട്ടറുകളിലാണ് മോഷണം നടന്നത്. സംഭവം അതീവ ഗൗരവതരമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ ഡിജിപി ലോക്നാഥ് ബെഹ്‌റക്ക് റിപ്പോർട്ട്‌ നൽകി.

കൊച്ചിൻ ഷിപ്പ്യാർഡിൽ നിർമാണത്തിലിരിക്കുന്ന വിമാന വാഹിനി കപ്പലിൽ നിന്ന് 4 ഹാർഡ് ഡിസ്കുകളും പ്രൊസസ്സറും റാമുമാണ് മോഷണം പോയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഹാർഡ് ഡിസ്കുകളിൽ ഉണ്ടായിരുന്ന കപ്പലിന്റെ രൂപരേഖയാണ് നഷ്ടമായതെന്ന് വ്യക്തമായത്. രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കപ്പലിലെ കമ്പ്യൂട്ടറുകളിലാണ് മോഷണം നടന്നത്. മോഷണം നടത്തിയത് ഷിപ്പ്യാർഡിലെ ജീവനക്കാരെന്നാണ് സംശയം.

സി ഐ എസ് എഫിന്റെ നിയന്ത്രണത്തിലുള്ള അതീവ സുരക്ഷിത മേഖലയിൽ പുറത്ത് നിന്ന് ആർക്കും കടന്നു കയറാൻ സാധിക്കില്ലെന്നിരിക്കെയാണ് ഇത്തരത്തിലൊരു സംശയം അന്വേഷണ സംഘം വച്ചു പുലർത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കപ്പൽ നിർമാണത്തിലേർപ്പെട്ടിട്ടുള്ള 52 ജീവനക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊച്ചി ക്രൈം ഡിറ്റാച്ച്മെന്റ് എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. പൊലീസിന് പുറമെ നേവിയുടെയും ആർമിയുടെയും രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്.

You must be logged in to post a comment Login