‘മോഹന്‍ലാലിന് മുന്നില്‍ അഭിനയിക്കാന്‍ അവര്‍ക്കും ഭയമുണ്ടായിരുന്നു’; മോഹന്‍ലാലിലെ നടനെ എങ്ങനെ പരിഗണിക്കുന്നു; ഷാജി എന്‍.കരുണ്‍

shaji n karun
സിനിമയ്ക്ക് പുറത്തുള്ള ചില മികച്ച നടന്മാര്‍ മോഹന്‍ലാലിലെ നടനെ എങ്ങനെ പരിഗണിക്കുന്നു എന്നതിന് ഒരു ഉദാഹരണം പറയുകയാണ് ഷാജി എന്‍.കരുണ്‍. 1999ല്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തുവന്ന് ആസ്വാദകപ്രീതിയും നിരൂപക ശ്രദ്ധയും നേടിയ ‘വാനപ്രസ്ഥ’ത്തിന്റെ ചിത്രീകരണകാലം ഓര്‍ത്തെടുക്കുകയാണ് ഷാജി.
ഷാജി എന്‍.കരുണ്‍ പറയുന്നു

വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനെ ലാല്‍ ഗംഭീരമാക്കുമെന്നതില്‍ എനിക്ക് ആശങ്കകളൊന്നുമുണ്ടായിരുന്നില്ല. കലാമണ്ഡലം ബാലസുബ്രഹ്മണ്യമാണ് ലാലിനെ കഥകളി പഠിച്ചത്. ലാല്‍ അത് പഠിച്ച് അവതരിപ്പിച്ചു എന്നതിനെക്കാള്‍ അദ്ദേഹം പുലര്‍ത്തിയ ടൈമിംഗാണ് എന്നെ അമ്പരപ്പിച്ചത്. പത്തുമിനിട്ടില്‍ ഒരാള്‍ പറയുന്ന കാര്യങ്ങള്‍ വളരെ ചെറിയ സമയം കൊണ്ട് കണ്‍വേ ചെയ്യാന്‍ പറ്റുന്നയാളാണ് സിനിമയെ സംബന്ധിച്ച് ഒരു നല്ല നടന്‍. അക്കാര്യത്തില്‍ ലാല്‍ പുലര്‍ത്തിയ ടൈമിംഗ് അവിശ്വസനീയമാണ്. ആരുടെയൊക്കെ മുന്നില്‍നിന്നാണ് ലാല്‍ ആടേണ്ടിയിരുന്നത്. കലാമണ്ഡലം ഗോപി ആശാന്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, കലാമണ്ഡലം കേശവന്‍ എന്നിവരൊക്കെയാണ് തൊട്ടുമുന്നില്‍. കഥകളിയുടെ മഹാ ആചാര്യന്മാര്‍.

‘ഈ കേമന്മാര്‍ക്ക് മുന്നില്‍നിന്ന് ഞാന്‍ എങ്ങനെ പെര്‍ഫോം ചെയ്യും? പേടിയാകുന്നു. ചെയ്യുന്നത് തെറ്റിപ്പോയാലോ.’ ഒരിക്കല്‍ ലാല്‍ തന്നെ ചോദിച്ചതാണിത്. ഇതേ ഭയം അവര്‍ക്കുമുണ്ടായിരുന്നു. ‘ഈ മനുഷ്യന് മുന്നില്‍ നിന്ന് ഞങ്ങളെങ്ങനെ അഭിനയിക്കും?’ സത്യത്തില്‍ ഈ കൊടുക്കല്‍ വാങ്ങല്‍ തന്നെയായിരുന്നു വാനപ്രസ്ഥത്തിന്റെ വിജയം. പരസ്പരം ബഹുമാനിക്കുന്ന ഒരു കൂട്ടം കലാകാരന്മാര്‍. ആ ബഹുമാനത്തില്‍നിന്നാണ് ഭയം ജനിക്കുന്നത്. അതവരെ കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. അത് ഫിലിം മേക്കിംഗിനെ ആവേശമുള്ളതാക്കി. ആ സിനിമയുടെ സ്വത്വം എന്ന് പറയുന്നതും അതാണ്.
ഷാജി എന്‍.കരുണ്‍

മോഹന്‍ലാലിന്റെ കരിയറിലെ നിരവധി അവിസ്മരണീയ വേഷങ്ങളുടെ കൂട്ടത്തില്‍ തിളക്കമേറിയ ഒന്നാണ് ‘വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടന്‍ എന്ന കഥകളി നടന്‍. കുഞ്ഞിക്കുട്ടന്റെ ഉള്ളൊരുക്കങ്ങളില്‍ അമ്പരപ്പിച്ച മോഹന്‍ലാലിന് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഒരു ഇന്‍ഡോഫ്രഞ്ച്ജര്‍മ്മന്‍ സംയുക്ത നിര്‍മ്മാണ സംരംഭമായിരുന്നു ‘വാനപ്രസ്ഥം’.

(കടപ്പാട്: നാന)

You must be logged in to post a comment Login