മോഹിനിയായ ചെമ്പരത്തി

പൂന്തോട്ടത്തില്‍ അതിര്‍ത്തിയില്‍ പലപ്പോഴും കാണപ്പെടുന്ന ചെമ്പരത്തിക്ക് ഔഷധപ്രാധാന്യമാണുള്ളത്. നാടന്‍ ചെമ്പരത്തിയിനങ്ങള്‍ക്ക് പൂന്തോട്ടത്തില്‍ അധികം ആരും പ്രാധാന്യം നല്‍കുന്നതായി കാണുന്നില്ല.ചെമ്പരത്തിപൂവിന്റെ വലിപ്പവും, നിറവും ആരെയും മോഹിപ്പിക്കും.
അതിനാല്‍ ചെമ്പരത്തിയെ പലപ്പോഴും ചേലൊത്ത ചെമ്പരത്തിയെന്നു വിശേഷിപ്പിക്കാറുണ്ട്. പല വര്‍ണ്ണത്തിലും, വൈവിധ്യത്തിലുമുള്ള നൂറിനു മുകളില്‍ സങ്കരയിനങ്ങളാണ് ഇന്നു വിപണിയില്‍ ലഭ്യമായിട്ടുള്ള ചെമ്പരത്തി. എന്നും പൂക്കുന്ന കുറ്റിചെടിയായി ചെമ്പരത്തിയെ ചട്ടിയിലും, നിലത്തുമൊക്കെ ഇവയെ വളര്‍ത്താം. സാധാരണയായി നാടന്‍ ചെമ്പരത്തി കമ്പു മുറിച്ചു നടുകാണു ചെയ്യുന്നത്. നല്ലയിനം ചെമ്പരത്തിച്ചെടി ലഭിക്കണമെങ്കില്‍ ഒട്ടിക്കല്‍ വഴി തൈകള്‍ വളര്‍ത്തിയെടുക്കാം.

മഴക്കാലം കഴിയുമ്പോഴുള്ള കാലാവസ്ഥയാണ് ചെമ്പരത്തിയില്‍ സെന്‍ട്രല്‍ ഗ്രാഫ്റ്റ് ചെയ്യാന്‍ ഏറ്റവും അനുയോജ്യം. ഇതിനായി കമ്പ് മുറിച്ച് നട്ടുവളര്‍ത്തിയെടുത്ത നാടന്‍ ചെമ്പരത്തി ആവശ്യമാണ്. നാടന്‍ ചെമ്പരത്തിക്ക് ഏതിനം മണ്ണിലും നന്നായി വളരാനും, കീട ബാധകള്‍ക്കെതിരെ പിടിച്ചു നില്‍ക്കാനുമുള്ള ശേഷിയുണ്ട്. എന്നാല്‍ സങ്കരയിനങ്ങള്‍ക്ക് പ്രത്യേക പരിപാലനം നല്‍കിയാല്‍ മാത്രമേ നന്നായി വളരുകയും  പൂവിടുകയും ചെയ്യുകയുള്ളു. ചട്ടിയിലും, നിലത്തും ഒരു പോലെ വളര്‍ത്താന്‍ യോജിച്ചവയാണ് സങ്കരയിനങ്ങള്‍. കാലാവസ്ഥയനുസരിച്ചാണ് ചെമ്പരത്തിക്ക് നല്‍കേണ്ടത്.

വേനല്‍കാലത്ത് ദിവസവും ഒരു നേരം നനയ്ക്കുന്നത് നല്ലതാണ്. ചാണകപ്പൊടി, കടലപിണാക്ക് പുളിപ്പിച്ചെടുത്തതിന്റെ തെലി നേര്‍പ്പിച്ചത് എന്നിവയെല്ലാം ചെമ്പരത്തിക്ക് യോജിച്ചവളങ്ങളാണ്. കേരളത്തിലെ  കാലാവസ്ഥയില്‍  ചെമ്പരത്തി വര്‍ഷം മുഴുവന്‍ പൂവിടാറുണ്ട്. ചെടി നട്ട് ഒരു വര്‍ഷമായാല്‍ സാധിക്കുമെങ്കില്‍ മഴക്കാലത്തിന് മുമ്പ് കമ്പുകോതി നിര്‍ത്തുന്നത് കൂടുതല്‍ പൂക്കളുണ്ടാകുന്നത് സഹായിക്കും.

hibi

മുടി മൃദുവാകാന്‍
ചെമ്പരത്തിയില -10 എണ്ണം, ചെമ്പരത്തിപൂവ് -5 എണ്ണം, തുളസിയില-20 എണ്ണം ഇവ ചേര്‍ത്തരച്ച് ഒരു കപ്പ് പുളിച്ച മോരില്‍ കലര്‍ത്തി തല കഴുകാവുന്നതാണ്
എണ്ണകാച്ചുന്നതിന്
ചെമ്പരത്തിയിട്ട് കാച്ചിയ എണ്ണ സ്ഥിരമായി തലയില്‍ തേയ്ക്കുന്നത് താരന്‍, അകാലനര , മുടി കൊഴിച്ചില്‍ എന്നിവ തടയാന്‍ വളരെ ഉത്തമമാണ്. മുടി സമൃദ്ധമായി വളരും. എണ്ണ എങ്ങനെ തയ്യാറാക്കാമെന്നു ഇനി നോക്കാം. ചെമ്പരത്തിയില -10 എണ്ണം, ചെമ്പരത്തിപൂവ്-20 എണ്ണം  ഇവ വെള്ളം ചേര്‍ത്ത് നന്നായി ചതച്ചെടുക്കുക. ചീനച്ചട്ടി ചൂടാക്കി അതിലേക്ക് 200 മില്ലി വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക . എണ്ണ ചൂടായി വരുമ്പോള്‍ ചതച്ച ചെമ്പരത്തിയിലയും പൂക്കളും ചേര്‍ക്കുക എണ്ണ തിളയ്ക്കാന്‍ പാടില്ല. എണ്ണ ഏകദേശം മൂന്നിലൊന്നായി വറ്റിക്കുക. ചെമ്പരത്തിയില കയ്യിലെടുത്ത് ഞെരടിയാല്‍ പൊടിക്കുന്ന പാകത്തിലായാല്‍ എണ്ണ അടുപ്പില്‍ നിന്ന് വാങ്ങാം. തണുത്തു കഴിഞ്ഞാല്‍ നേര്‍ത്ത തുണി കൊണ്ട് അരിച്ചെടുത്ത് കുപ്പിയിലാക്കാം.
ചര്‍മ ലേപനം
ചെമ്പരത്തിസത്ത് ശരീരത്തില്‍ പുരട്ടുന്നതിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നു. ചുവപ്പ് വെള്ള ചെമ്പരത്തികളുടെ വേരുകൊണ്ടുള്ള  കഷായം സേവിച്ചാല്‍ ചുമയ്ക്ക് ശമനമുണ്ടാകും. ചെമ്പരത്തിപൂവ് കൊണ്ട് പോളിഷ് ചെയ്താല്‍ ഷൂവിന് നല്ല തിളക്കം ലഭിക്കും. ആര്‍ത്തവ ചക്രം ക്രമീകരിക്കുന്നതിനു ചെമ്പരത്തിയിലയുടെയും, പൂക്കളുടെയും നീര്  അത്യുത്തമമാണ്. ചെമ്പരത്തി കൊണ്ടുണ്ടാക്കുന്ന ഹെര്‍ബല്‍ ചായ വിറ്റാമിന്‍ സി, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ചെമ്പരത്തിപൂവ് ഉണക്കിപ്പൊടിച്ചതു ഭക്ഷണത്തിന് നിറം നല്‍കാന്‍ ഉപയോഗിച്ചു വരുന്നു.
ചെമ്പരത്തിത്താളി
തലമുടിക്ക് ഏറെ ഗുണകരമായ ചെമ്പരത്തിത്താളി നല്ലൊരു പ്രകൃതിദത്ത ഷാമ്പുവും കണ്ടീഷണറുമാണ്. ചെമ്പരത്തിയില -10 എണ്ണം, പൂമൊട്ട്-4 എണ്ണം, ചെമ്പരത്തിപൂവ്-5 എണ്ണം ഇവ നന്നായി അരച്ച് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചുപിടിപ്പിക്കുക. 10 മിനിട്ടിനുശേഷം കഴുകിക്കളയാം.
ഹെല്‍ത്ത് ഡ്രിങ്ക്
ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ അടര്‍ത്തിയെടുത്ത് തിളച്ചവെള്ളത്തില്‍ ഇട്ടുവെയ്ക്കുക. പൂക്കളുടെ സത്ത് പൂര്‍ണമായും വെള്ളത്തില്‍ കലര്‍ന്നുകഴിഞ്ഞാല്‍ അരിച്ചെടുത്ത് പഞ്ചസാര, നാരങ്ങനീര്, ഐസ് ക്യൂബുകള്‍ എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം

You must be logged in to post a comment Login