മൗനം തുടരാനാവില്ല; ആക്രമണം തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരും; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്

arun-jaitly

ന്യൂഡല്‍ഹി: പാകിസ്താന്‍ ആക്രമണം തുടരുകയാണെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ ഉപദ്രവിച്ചാല്‍ ഇന്ത്യ വെറുതെ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാക് വിഷയം കൈകാര്യം ചെയ്യുന്ന രീതിയില്‍ ഇന്ത്യ മാറ്റം വരുത്തിയെന്ന് പാകിസ്താന്‍ മനസ്സിലാക്കണം. ഒട്ടേറെ സഹനങ്ങള്‍ ഇന്ത്യ അനുഭവിച്ചു, പലപ്പോഴും മൗനം പാലിച്ചു. എന്നാല്‍ ഇതില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാര്‍ മാറി ചിന്തിച്ചുതുടങ്ങിയെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയ്റ്റ്‌ലി പറഞ്ഞു.

അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ എട്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാക് വിഷയത്തില്‍ മുന്‍ സര്‍ക്കാരുകള്‍ പിന്തുടര്‍ന്നുവന്ന നയതന്ത്ര രീതിയില്‍നിന്നും ഈ സര്‍ക്കാര്‍ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിയന്ത്രണരേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതിനുശേഷം 60 തവണയോളം പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എട്ടോളം ഇന്ത്യന്‍ സൈനികര്‍ പാക് ആക്രമണത്തില്‍ വീരമൃത്യു വരിച്ചു. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 20 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് ബിഎസ്എഫ് നല്‍കുന്ന വിവരം. നിരവധി പാക്് സൈനിക പോസ്റ്റുകള്‍ തകര്‍ക്കുകയും ചെയ്തു.

പാകിസ്താന്‍ സൈന്യം ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നും ജനങ്ങളെ ഇപ്പോഴും ഒഴിപ്പിക്കുകയാണ്. ഇതുവരെ ആയിരത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. ഇവരെയെല്ലാം താല്‍ക്കാലിക ക്യാമ്പുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്.

You must be logged in to post a comment Login