യഥാര്‍ഥ വിവരങ്ങള്‍ പുറത്തുപറയരുതെന്ന് നടിയും നിര്‍മാതാവും ഭീഷണിപ്പെടുത്തുന്നതായി ഡ്രൈവര്‍ കോടതിയില്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായ ഉപദ്രവിച്ച കേസിലെ യഥാര്‍ഥ കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് നടിയും ഒരു നിര്‍മാതാവും ഭീഷണിപ്പെടുത്തുന്നതായി, കേസിലെ രണ്ടാം പ്രതി കൂടിയായ ഡ്രൈവര്‍. അങ്കമാലി കോടയിലാണ് രണ്ടാംപ്രതി മാര്‍ട്ടിന്‍ ഇക്കാര്യം അറിയിച്ചത്.

തനിക്കെതിരെ വധഭീഷണി ഉണ്ടെന്നും ഒരു നിര്‍മാതാവും ഉപദ്രവിക്കപ്പെട്ട നടിയുമാണ് ഭീഷണിപ്പെടുത്തുന്നതെന്നുമാണ് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചത്. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഹാജരാക്കിയപ്പോള്‍ അടച്ചിട്ട കോടതിയിലാണ് മാര്‍ട്ടിന്‍ മൊഴി നല്‍കിയത്. മാര്‍ട്ടിന്റെ പിതാവ് ആന്റണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കേസിലെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടാണ് നിര്‍മാതാവും നടിയും ഭീഷണിപ്പെടുത്തുന്നതെന്നാണ് മാര്‍ട്ടിന്റെ പിതാവ് പറയുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് മടങ്ങുന്ന വഴി നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുമ്പോള്‍ നടി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആയിരുന്നു മാര്‍ട്ടിന്‍. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങള്‍ മാര്‍ട്ടിന്‍ എഴുതി നല്‍കി. വധഭീഷണിയുണ്ടെന്ന പരാതിയില്‍ വേണ്ട സുരക്ഷയ്ക്കു നിര്‍ദേശം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. മറ്റു കാര്യങ്ങള്‍ വിചാരണ കോടതിയുടെ പരിഗണനയില്‍ വരുന്നത് ആയതിനാല്‍ ഇടപെടാനാവില്ലെന്നും മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഈ മാസം 20 വരെ നീട്ടി.

അതിനിടെ കേസിലെ രേഖകളും വിഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും. ഇക്കാര്യത്തില്‍ പൊലീസിന്റെ വിശദീകരണം നാളെ കോടതിയെ അറിയിക്കും.

കേസിലെ അനുബന്ധ കുറ്റപത്രം ചോര്‍ന്നതു സംബന്ധിച്ച് ദിലീപ് നല്‍കിയ പരാതിയില്‍ നാളെ കോടതി വിധി പറഞ്ഞേക്കും.

You must be logged in to post a comment Login