യവനിക വീഴും മുമ്പേ… അരങ്ങൊഴിഞ്ഞ സൂത്രധാരന്‍

  • ബി. ജോസുകുട്ടി

ഒരു ജനപ്രിയ നാടകത്തിന്റെ ഇടവേളയില്‍ സൂത്രധാരന്‍ അണിയറയില്‍ നിന്നു കാലത്തിന്റെ കറുത്ത യവനികയ്ക്കപ്പുറത്തേക്ക് അപ്രത്യക്ഷമായതു പോലെയായിരുന്നു ആലപ്പുഴ കാഞ്ഞിരംചിറ വാര്‍ഡിലെ തൈപ്പറമ്പില്‍ വിശ്വംഭരന്‍ സാംബശിവന്‍ എന്ന നാടകക്കാരന്റെ വേര്‍പാട്. നാടകരചനയും സംവിധാനവും അഭിനയവും ഇല്ലാതെ വേറിട്ട ഒരു ജീവിതമുണ്ടായിരുന്നില്ല ഈ നാടക യുവത്വത്തിന്. 1980 കളില്‍ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ സര്‍ഗാത്മക പ്രതികരണം അമച്ച്വര്‍ നാടകങ്ങളിലും തെരുവുനാടകങ്ങളിലും ആവിഷ്‌ക്കരിച്ചുവന്ന കാലഘട്ടത്തിലാണ് ടി.വി. സംബശിവന്‍ എന്ന നാടകപ്രവര്‍ത്തകനും പിറവിയെടുക്കുന്നത് അതിനു മുമ്പ് സ്‌കൂള്‍ നാടകങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തിക്കൊണ്ട് തന്റെ നാടകപ്രേമത്തിനു തുടക്കമിട്ടു. മുന്‍തലമുറയിലെ ശ്രദ്ധേയനായ നാടകകൃത്തും അമ്മാവനുമായിരുന്ന കെ.കെ. കുന്നത്ത്, ഗീതാഞ്ജലി തീയറ്റേഴ്‌സിലെ നടനും മൂത്ത സഹോദരനുമായ ടി.വി.രാജന്‍ എന്നിവര്‍ സാംബശിവന്റെ നാടകചിന്തകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. തുടര്‍ന്ന് നാടകതത്പരരായ സുഹൃത്തുക്കളേയും കൂട്ടി 1980- ല്‍ അചുംബിത തീയേറ്റേഴ്‌സ് എന്ന നാടകകഗ്രൂപ്പിനു രൂപം കൊടുത്തു.

അതൊരു തുടക്കമായിരുന്നു അരങ്ങുകളില്‍ നിന്നു അരങ്ങുകളിലേക്കുള്ള അശ്വമേധമായിരുന്നു. ടി.എം. എബ്രഹാം എഴുതിയ ‘അത്ഭുതാങ്കണം’ അചുംബിതയുടെ പ്രഥമ നാടകമായി അരങ്ങിലെത്തി.വിഖ്യാതമായ നേത്രദാമിലെ കൂനല്‍ എന്ന കൃതിയിലെ ഒരു ഭാഗമെടുത്ത് പുനരാഖ്യാനം ചെയ്ത് ടി എം. എബ്രഹാം ഭാഷാപോഷിണി മാസികയില്‍ പ്രസിദ്ധീകരിച്ച നാടകമായിരുന്നു അത്. ഒരു സംവിധായകനെന്ന നിലയില്‍ സംബശിവന്‍ അറിയപ്പെട്ടു തുടങ്ങിയത് ആ നാടകം മുതലായിരുന്നു. പിന്നീട് ടി.എം. എബ്രഹാമിന്റെ കൊഴുത്ത കാളക്കുട്ടിയും സാംബന്‍ സംവിധാനം ചെയ്ത് കൂടുതല്‍ ശ്രദ്ധേയനായി. വിശുദ്ധ ബൈബിൡലെ മുടിയനായ പുത്രന്‍ എന്ന് ഉപമയുടെ പുനരാഖ്യാനമായിരുന്നു കൊഴുത്ത കാളക്കുട്ടി. കേരളത്തിലങ്ങോമിങ്ങോളമുള്ള സര്‍വ്വ നാടക മത്സരങ്ങളിലും ഈ നാടകം അംഗീകാരങ്ങളും പുരസ്‌കാരങ്ങളും വാരിക്കൂട്ടി. കേരളത്തിലെ അമ്വച്ചര്‍ നാടകവേദിയില്‍ ടി.വി സംബശിവനെന്ന സംവിധായകന്റെ പേര് അങ്ങനെ അടയാളപ്പെടുകയായിരുന്നു.

അചുംബിത തീയേറ്റേഴ്‌സ് തുടര്‍ന്നും ഏറെ നാടകങ്ങള്‍ സാംബശിവന്റെ സംവിധാനത്തില്‍ അരങ്ങുകളിലെത്തിച്ചു. ചന്തിരാനും കൂട്ടരും, ദൈവദൂത•ാര്‍ കരയുന്നു, കറുപ്പിന്റെ ഗര്‍ജനം, മണ്‍പാവകള്‍, പി. എം. താജ് രചിച്ച രാവുണ്ണി എന്നീ നാടകങ്ങള്‍ സാംബശിവനിലെ നാടക സംവിധായക പ്രതിഭയെ കൂടുതല്‍ അരങ്ങത്തു കൊണ്ടുവന്നു. രംഗവേദിയില്‍ ചടുലമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ രൂപവത്ക്കരിക്കപ്പെട്ട ജനകീയ സാംസ്‌കാരിക വേദിയുടെ അക്കാലത്തെ രൂപീകരണഘട്ടത്തില്‍ സാംബശിവന്‍ സജീവ പങ്കാളിയായിരുന്നു. വിശ്രുതനായ പി. എം. ആന്റണിയുടെ സൂര്യകാന്തി തീയേറ്റഴ്‌സിന്റെ നാടുഗദ്ദിക, സ്പാര്‍ട്ടക്കസ് എന്നീ നാടകങ്ങളില്‍ സഹകരിക്കുകയും ചെയ്തു.

ഇതിനിടയില്‍ കുട്ടികള്‍ക്കു വേണ്ടി ഒരു നാടകം സംവിധാനം ചെയ്യാന്‍ സാംബശിവന് ക്ഷണം വന്നു. പക്ഷേ സമയത്ത് നാടകത്തിന്റെ സ്‌ക്രിപ്റ്റ് കിട്ടാതിരുന്നത് മൂലം സ്വന്തമായി നാടകമെഴുതേണ്ടി വന്നു. ‘ഒരു കിളിപ്പാട്ട് കൂടി’ എന്ന നാടകമെഴുതിക്കൊണ്ട് സാംബന്‍ നാടകകൃത്തായി രംഗപ്രവേശനം ചെയ്തു. തുടര്‍ന്ന് ഏതാനും നാടകങ്ങള്‍ കൂടി കുട്ടികള്‍ക്കു വേണ്ടി രചിച്ചു. ഭൂമിഗീതം, ഞണ്ടുകള്‍, കൗതുകക്കാഴ്ചകള്‍, നല്ലവരാകാന്‍, തണല്‍, നക്ഷത്ര ദൂതന്‍ എന്നിങ്ങനെയുള്ള നാടകങ്ങള്‍ കുട്ടികളെക്കൊണ്ട് രംഗാവിഷ്‌കാരം നടത്തുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തു.

ലോകത്തിനാകമാനം പ്രകാശം ചൊരിഞ്ഞ ഒട്ടേറെ ആത്മീയ പുരുഷന്‍മാരുടെ ജീവിതകഥകള്‍ക്ക് നാടകാവിഷ്‌കാരം നല്‍കി അരങ്ങുകളിലവതരിപ്പിക്കാന്‍ സാംബശിവന്‍ അനാദൃശ്യമായ മികവു കാട്ടി. വിശുദ്ധനായ ചാവറയച്ചന്റെ ജീവിത കഥയെ ആസ്പദമാക്കി അവതരിപ്പിച്ച ‘സ്‌നേഹദൂത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സഹനജീവിതത്തെ അടിസ്ഥാനമാക്കി ആവിഷ്‌ക്കരിച്ച ‘ഉപാസന’, കനോഷ്യന്‍ സഭയുടെ സ്ഥാപകനായ സിസ്റ്റെന്‍ വാഞ്ചൈനെക്കുറിച്ചുള്ള ‘കനിവിന്റെ നിറതാരം’ മദര്‍ തേരസെയെക്കുറിച്ചുള്ള ‘മദര്‍’, ബക്കീത്ത, മഗ്ദലിന്‍. ഷണ്ഡാളമ്മ എന്നീ നാടകങ്ങള്‍ വളരെ താത്പര്യത്തോടെയും ആവേശത്തോടെയുമാണ് സാംബശിവന്‍ അരങ്ങുകളിലെത്തിച്ചത്. എല്ലാ നാടകങ്ങളും ശ്രദ്ധേയമായ രീതിയില്‍ അവതരിപ്പിച്ച് കാണികളുടെ മനം കവരുകയും ചെയ്തു ഈ നാടകക്കാരന്‍.

നെടുമുടി നായര്‍ സമാജം സ്‌കൂള്‍ കായികാദ്ധ്യാപകനായി കഴിഞ്ഞ വര്‍ഷമാണ് സാംബശിവന്‍ വിരമിച്ചത്. തുടര്‍ന്ന് മുഴുവന്‍ സമയ നാടക പ്രവര്‍ത്തകനായി തുടരാനുള്ള പദ്ധതിയായിരുന്നു ഈ മനുഷ്യ സ്‌നേഹിയായ കലാകാരനുണ്ടായിരുന്നത്. കുട്ടികള്‍ക്കു വേണ്ടിയുള്ള മുഴുവന്‍ സമയ തീയേറ്ററിനെക്കുറിച്ച് സാംബന് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. കുട്ടികളുടെ നാടകസ്‌നേഹത്തെക്കുറിച്ച് സാംബന്‍ പറഞ്ഞു. ”കുട്ടികളാണ് നാടകങ്ങള്‍ പരിപോഷിപ്പിക്കുന്നത്.പെണ്‍കുട്ടികള്‍ക്കാണ് കൂടുതല്‍ താല്പര്യം മുതിര്‍ന്നവരേക്കാള്‍ കുട്ടികളാണ് നാടകം ക്യാച്ച് ചെയ്യുന്നത്.അവരില്‍ എല്ലാ ഭാവവും പ്രകാശിക്കും. ചില മുതിര്‍ന്ന കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നത് കണ്ട് ഞാന്‍ അതിശയിച്ചിട്ടുണ്ട്. ഒളിമ്പിക്‌സ് മുദ്രാവാക്യം പോലെ മികച്ച അഭിനേതാക്കളെ തെരഞ്ഞെടുക്കാന്‍ അവരെ ബാല്യത്തിലെ പിടികൂടണം.”കുട്ടികള്‍ക്കു വേണ്ടി എഴുതപ്പെട്ട ഏഴുനാടകങ്ങള്‍ ഉള്‍പ്പെടുത്തി ഭൂമിഗീതം എന്ന നാടകസമാഹാരം ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രകാശനം ചെയ്യപ്പെട്ടത്. ആ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരന്‍ ഇങ്ങനെ പറയുന്നു.

” നാടകം ജീവിതമാണ്, അല്ല ജീവിതത്തിന്റെ വികാര വിചാരങ്ങളെ രംഗവേദിയില്‍ ആവിഷക്കരിക്കുന്നതാണ് നാടകമെന്നും നാടിണകം നാടകമെന്നുമുള്ള വാക്‌ധോരണികള്‍ക്കിടയില്‍ ഏറ്റവും വലിയ ജനകീയ കല നാടകമാണെന്നുള്ള തിരിച്ചറിവോടെയും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലയാള നാടകവുമായി ബന്ധപ്പെട്ട് ഇന്നും സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്ന ചാരിതാര്‍ത്ഥ്യത്തോടെയുമാണ്, കുട്ടികള്‍ക്കായുള്ള ഭൂമിഗീതം എന്ന സമാഹാരം നാടകപ്രവര്‍ത്തകരുടേയും ആസ്വാദകരുടേയും മുമ്പില്‍ അവതരിപ്പിക്കുന്നത്. കുട്ടികളുടെ നാടകവേദിയുമായി കഴിഞ്ഞ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്താനാനുഭവങ്ങളിലൂടെ എനിക്കു കിട്ടിയ ആര്‍ജ്ജവമാണ് ഈ സംരംഭത്തിനുള്ള പ്രേരണ.” നാടകപ്രവര്‍ത്തനങ്ങളില്‍ സ്വത്വമുദ്ര ചാര്‍ത്തിയ സാംബശിവന് ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഏകാങ്ക നാടകത്തിലൂടെ നടനും സംവിധായകനുമുള്ള പുരസ്‌കാരം 1980- ല്‍ തന്നെ സാംബന് ലഭിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി അധ്യാപകര്‍ക്കായി സംഘടിപ്പിച്ച നാടക രചനാ മത്സരത്തില്‍ മികച്ച നാടകകൃത്തിനുള്ള പുരസ്‌കാരം, ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ മികച്ച നാടക പ്രവര്‍ത്തകനുള്ള ചാവറ അവാര്‍ഡ്, നാഷണല്‍ സേഫ്റ്റി കൗണ്‍സിലിന്റെ മികച്ച സംവിധായകനുള്ള അവാര്‍ഡ്, കൊച്ചിന്‍ ഇന്‍ഡ്യാല്‍ നാടകമത്സരത്തില്‍ മികച്ച നടനുള്ള ബഹുമതി എന്നിങ്ങനെ വിവിധ അംഗീകാരങ്ങളാണ് സാംബശിവന്റെ നാടക പ്രതിഭയ്ക്ക് ലഭിച്ചത്.

കുട്ടികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കലാപരമായ കഴിവുകളെ ഉണര്‍ത്തി പരിപോഷിപ്പിക്കാന്‍ കളിയാട്ടം എന്ന കലാപരിശീലനക്കളരിയും സാംബശിവന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ടായിരുന്നു. ആലപ്പി തീയറ്റേഴ്‌സ്, ചേര്‍ത്തല ഷൈലജാ തീയറ്റേഴ്‌സ്, ഹരിപ്പാട് സുദര്‍ശന, കൊല്ലം കാശ്മീര ക്രിയേഷന്‍സ്, ചാവറ കലാനിലയം, പാലാ കമ്മ്യൂണിക്കേഷന്‍സ്, കൊച്ചിന്‍ ദൃശ്യമേഖല എന്നീ സമിതികള്‍ക്കു വേണ്ടിയും നാടകങ്ങള്‍ സംവിധാനം ചെയ്തു. ചാവറയച്ചന്‍ എഴുതിയ ഇടയസംസ്‌കൃത നാടകം ആദ്യമായി സംവിധാനം ചെയ്ത് അവതരിപ്പിച്ചതും സാംബശിവനായിരുന്നു. ചില സിനിമകളിലും തന്റെ അഭിനയ പാടവം പ്രകടിപ്പിച്ചിരുന്നു സാംബശിവന്‍. എം. പി സുകുമാരന്‍ നായരുടെ അപരാഹ്നം, രാജീവ് നാഥിന്റെ പകല്‍ നക്ഷത്രങ്ങള്‍, ജയരാജ് സംവിധാനം ചെയ്ത ഓഫ് ദി പീപ്പിള്‍ എന്നീ ചിത്രങ്ങളില്‍ കൂടാതെ ഏതാനും ടെലിവിഷന്‍ പരമ്പരകളിലും. ഒരു നാടകക്കാരന്റെ നാട്യങ്ങളകന്ന ജീവിതമായിരുന്നു സാംബശിവന്‍ എന്ന കലാകാരന്റേത്.

നാടകത്തിനകത്തും പുറത്തുമുള്ള കലാകാരന്‍മാരായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. സമസ്ത മേഖലയില്‍ നിന്നും സമ്പാദിച്ചു കൂട്ടിയ സുഹൃത്തുക്കളായിരുന്നു സാംബശിവന്റെ ദൗര്‍ബല്യവും ശക്തിയും, ഒപ്പം കുടുംബവും. നാടക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനവും ആവേശവും സ്വന്തം കുടുംബത്തില്‍ നിന്നാണെന്ന് സാംബശിവന്‍ പല തവണ പറഞ്ഞിട്ടുണ്ട്. നാടിനകം മാത്രമല്ല നാടകമെന്നു വീടിനകം കൂടിയാണെന്നും സാംബശിവന്‍ പറഞ്ഞു വെച്ചു. ആലപ്പുഴ കാഞ്ഞിരമറ്റം ചിറയിലെ മംഗലം വാര്‍ഡിലെ സാംബശിവന്റെ വീടിനു പേര് ‘തിരുവരങ്ങ്’ എന്നാണ്. തിരുവരങ്ങില്‍ ഇപ്പോഴും ഒരു കെടാവിളക്ക് കത്തുന്നുണ്ട്. ഈ കഴിഞ്ഞ ഒക്‌ടോബര്‍ ആറിന് അരങ്ങൊഴിഞ്ഞു പോയ ഒരു സൂത്രധാരന്റെ ആത്മാവാണത്.

 

 

You must be logged in to post a comment Login