യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ ആദ്യ യാത്രികരെ പ്രഖ്യാപിച്ചു

 


അബുദാബി: യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ ആദ്യ യാത്രികരെ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് യുഎഇ ഭരണാധികാരികള്‍ ആദ്യ ബഹിരാകാശയാത്രികരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. യുഎഇ ആസ്‌ട്രോനട്ട് പ്രോഗ്രാമിലേക്ക് നാലായിരത്തോളം പേര്‍ അപേക്ഷിച്ചതില്‍ രണ്ട് പേരെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഹസ്സാ അലി അബ്ദാന് ഖല്‍ഫാന്‍ അല്‍ മന്‍സൗരിയും സുല്‍ത്താന്‍ സെയ്ഫ് മെഫ്താഹ് ഹമദ് അല്‍ നെയാദിയുമാണ് ആദ്യ എമിറാത്തി ബഹിരാകാശ യാത്രികര്‍. 2019 ഏപ്രിലില്‍ ഇവരിലൊരാളാണ് ബഹിരാകാശത്തേക്ക് പറക്കുക. റഷ്യന്‍ ബഹിരാകാശ വാഹനമായ സോയുസ് എംഎസ് 12ലായിരിക്കും 10 ദിവസത്തെ ബഹിരാകാശ യാത്ര.

യുഎഇ ആസ്‌ട്രോനട്ട് പ്രോഗ്രാമിലേക്ക് അപേക്ഷിച്ച നാലായിരത്തോളം പേരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. അവസാനഘട്ടത്തില്‍ എത്തിയ ഒമ്പത് പേരില്‍ രണ്ട് പേരാണിവര്‍. അതിതീവ്ര പരിശീലനങ്ങള്‍ക്ക് ശേഷമാണ് ഇവരെ തെരഞ്ഞെടുത്ത്. അമേരിക്കന്‍ സ്‌പേസ് ഏജന്‌സിയായ നാസയിലും റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റാസ്‌കോസ്‌മോസിലായിരുന്നു ഇവരുടെ പരിശീലനങ്ങള്‍. ശാരീരികവും മാനസികവും ആരോഗ്യപരവുമായ ആറ് ഘട്ടം പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇവരുടെ തെരഞ്ഞെടുപ്പ്. കൂടുതല്‍ പരിശീലനത്തിനായി റഷ്യയിലേക്ക് പോവും. 2017ലാണ് യു.എ.ഇ ബഹിരാകാശ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്.

14 വര്‍ഷമായി മിലിറ്ററി പൈലറ്റാണ് അല്‍ മന്‍സൂരി. 2016ലാണ് എയറോനോട്ടിക്കല്‍ പൈലറ്റാവാനുള്ള യോഗ്യത അദ്ദേഹം നേടിയത്. ഡാറ്റാ ലീക്കേജ് പ്രിവെന്‍ഷന്‍ ടെക്‌നോളജിയില്‍ ആസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് അല്‍ നിയാദി.

യുഎഇയുടെ യുവത്വത്തിന്റെ ശക്തിയും അവരുടെ അഭിലാഷവുമാണ് പുതിയ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നതെന്ന് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഫെയ്‌സ്ബുക്ക് സന്ദേശത്തില്‍ പറഞ്ഞു. യുഎഇയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ നാടിന്റെ യുവതയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു. 20 ബില്യണ്‍ ദിര്‍ഹമിന്റേതാണ് യുഎഇയുടെ സ്‌പേസ് പദ്ധതി.

You must be logged in to post a comment Login