യുഎഇയുടെ സഹായം സ്വീകരിക്കുന്നതില്‍ തടസം; കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രവാസ ലോകത്തും പ്രതിഷേധം ശക്തം

 

ദുബൈ: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനായി യുഎഇയുടെ സഹായം സ്വീകരിക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരേ പ്രവാസ ലോകത്തും പ്രതിഷേധം ശക്തം. മലയാളികളോടും കേരളത്തോടുമുള്ള അനുഭാവമാണ് സംസ്ഥാനത്തിന് സഹായം എത്തിക്കാന്‍ യുഎഇ രാഷ്ട്രനേതാക്കളെയും ഇതര ഗള്‍ഫ് നാടുകളെയും പ്രേരിപ്പിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകളായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് സ്വീകരിക്കാന്‍ സാധിക്കില്ല. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. 700 കോടി രൂപയുടെ സഹായമാണ് യുഎഇ കേരളത്തിനായി ആലോചിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യുഎഇയുടെയോ ഇന്ത്യയുടെയോ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം അറിയിച്ചിട്ടില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള സംഭാഷണത്തെ ഉദ്ധരിച്ച് പ്രവാസി വ്യവസായി എം എ യൂസഫലി നല്‍കിയ വിവരമാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. വിവരം പുറത്തുവന്നത് മുതല്‍ യുഎഇ രാഷ്ട്രനേതാക്കളെ അഭിനന്ദിച്ചും സ്‌നേഹത്തിന് നന്ദി പറഞ്ഞും എല്ലാ മാധ്യമങ്ങളും പ്രത്യേക പേജുകള്‍തന്നെ പുറത്തിറക്കി. സാമൂഹമാധ്യമങ്ങളില്‍ സ്‌നേഹവായ്പ് തരംഗമായി.

എന്നാല്‍, വൈകീട്ടോടെ ഇത്തരം സഹായം സ്വീകരിക്കുന്നതില്‍ നിയമതടസമുണ്ടെന്ന സൂചനകള്‍ ഡല്‍ഹിയില്‍നിന്ന് പുറത്തുവന്നു. ഇതോടെ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഘപരിവാറിനുമെതിരെ സാമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. സഹായം സ്വീകരിക്കാന്‍ ഇന്ത്യക്ക് മടിയെന്ന മട്ടില്‍ യുഎഇയിലെ അറബ് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പെട്ടെന്നുതന്നെ ഇന്ത്യയിലെ വിവാദം വാര്‍ത്തകളായി മാറുകയും ചെയ്തു.

പ്രളയമുണ്ടായ കേരളത്തിന് 500 കോടി രൂപ മാത്രം സഹായം പ്രഖ്യാപിച്ചതും നേരത്തേ നേപ്പാളിന് 2000 കോടി വരെ നല്‍കിയതുമെല്ലാം പ്രവാസലോകത്ത് ചര്‍ച്ചകളായി വളര്‍ന്നു. കേരളത്തോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമായാണ് പ്രവാസികള്‍ ഈ നടപടികളെ വിശേഷിപ്പിച്ചത്. കേരളത്തെയും മലയാളികളെയുംകുറിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞ നല്ല വാക്കുകള്‍ എടുത്തുപറഞ്ഞാണ് പ്രവാസലോകം യുഎഇയുടെ നേതൃത്വത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. യുഎഇയുടെ വാഗ്ദാനമായ 700 കോടി രൂപയെക്കാള്‍ മൂല്യമുള്ളതാണ് ആ വാക്കുകളെന്നും അവര്‍ വിലയിരുത്തുന്നു.

ഇതിനിടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി വിദേശഫണ്ട് സ്വീകരിക്കുന്നതാണ് ഇന്ത്യ വിലക്കിയിരിക്കുന്നതെന്നും നാടിന്റെ പുനര്‍നിര്‍മാണ പ്രക്രിയകള്‍ക്ക് ഇത് തടസമാവില്ലെന്നും ചിലര്‍ വിശദീകരിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റെിന്റെ അനുമതിയോടെതന്നെ കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ നേരിട്ട് യുഎഇക്ക് പങ്കാളിയാവാന്‍ കഴിയും.

You must be logged in to post a comment Login