യുഎഇ പൊതുമാപ്പ് ഇന്ന് ആരംഭിക്കും


അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ബുധനാഴ്ച തുടങ്ങുന്നു. ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നല്‍കി രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകാനോ യുഎ.ഇയില്‍ത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് ഊ പൊതുമാപ്പ് സംവിധാനം. ഒക്ടോബര്‍ 31 വരെയാണ് ഇതിന്റ കാലാവധി.

‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് യുഎഇ പൊതുമാപ്പ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മുന്‍ കാലത്തെക്കാള്‍ അനവധി പരിഷ്‌കാരങ്ങളോടെയാണ് യുഎഇ ഇത്തവണ പൊതുമാപ്പ് ചട്ടങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആര്‍ക്കും യാത്രാനിരോധനമില്ല എന്നുള്ളതും ഇതിന്റെ സവിശേഷതയാണ്. വിസാ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്നവര്‍ക്ക് പൊതുമാപ്പിലൂടെ രേഖകള്‍ ശരിയാക്കിയാല്‍ പുതിയ ജോലി കണ്ടെത്തുന്നതിന് ആറുമാസത്തെ വിസ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. 2012ല്‍ ആണ് അവസാനമായി യുഎഇ പൊതുമാപ്പ് കൊടുത്തത്.

പൊതുമാപ്പിന് ശേഷവും താമസരേഖകള്‍ ശരിയാക്കാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കനത്ത പിഴയും നാടുകടത്തലും ഉള്‍പ്പെടെയുള്ള നിയമനടപടികളുമാണ് ഇവര്‍ക്കെതിരെ ചുമത്തുക. അതേസമയം, രാജ്യത്തേക്ക് അനധികൃതമായി എത്തിയവര്‍ക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല. രണ്ടുവര്‍ഷത്തേക്ക് അവര്‍ക്ക് പിന്നീട് രാജ്യത്ത് പ്രവേശിക്കാനാവില്ല.

യുഎഇ ഇമിഗ്രേഷന്‍ അധികൃതരുടെ കണക്കുകള്‍ പ്രകാരം ഇത്തവണ പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാരുടെ എണ്ണം മുന്‍കാലങ്ങളിലേതിനെക്കാള്‍ കുറവായിരിക്കുമെന്നാണ് സൂചന. കൃത്യമായ മാര്‍ഗങ്ങളിലൂടെ യുഎഇയില്‍ എത്തുകയും എന്നാല്‍, മതിയായ താമസരേഖകളില്ലാതെ ഇപ്പോള്‍ ഇവിടെ തങ്ങുകയും ചെയ്യുന്ന ആര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login