യുഎപിഎ കേസ്; റിമാൻഡിൽ കഴിയുന്ന സിപിഐഎം പ്രവർത്തകരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും

യുഎപിഎ കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഐഎം പ്രവർത്തകരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോഴിക്കോട് ജില്ലാ സെഷൻസ് കേടതിയിൽ അപേക്ഷ സമർപ്പിക്കും. അതേസമയം ഇരുവരുടെയും വീട്ടിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങളുടെ രാസപരിശോധനാ ഫലത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നു.

കൂടുതൽ വിശദമായി ചോദ്യം ചെയ്യാനായാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഭീകര വിരുദ്ധസേനാ മേധാവി എസ്പി ചൈത്ര തെരേസ ജോൺ കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റി പൊലീസിന് ചില നിർണായക രേഖകൾ കൈമാറിയിട്ടുണ്ട്. ഇത് പൊലീസ് കോഴിക്കോട് ജില്ലാ കോടതിയിൽ കസ്റ്റഡി റിപ്പോർട്ടിനൊപ്പം സമർപ്പിക്കും. കൂടാതെ ഇരുവരുടെയും വീട്ടിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങളുടെ രാസപരിശോധനാ ഫലത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നു. ഇതിൽ നിന്ന് സിപിഐ മാവോയിസ്റ്റ് അംഗങ്ങളാണെന്ന് സ്ഥാപിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും, സിപിഐ മാവോയ്സ്റ്റ് കേന്ദ്ര കമ്മിറ്റിയുടെ നയരേഖയും ഈ പരിശോധനയിൽ കണ്ടെത്താൻ ആയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കൂടാതെ സിം കാർഡുകളിലെ ഫോൺ വിളികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ആവശ്യം പൊലീസ് കോടതിയെ അറിയിക്കും.

അതേസമയം അലനും ,താഹക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി .

You must be logged in to post a comment Login