യുഎപിഎ കേസ്; സിപിഐഎം നേതാക്കൾ വ്യത്യസ്ത അഭിപ്രായം പറയുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: മുല്ലപ്പള്ളി രാമചന്ദ്രൻ

പന്തീരാങ്കാവ് യുഎപിഎ കേസ് സംബന്ധിച്ച് സിപിഐഎം നേതാക്കൾ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് പാർട്ടിയുടെ നിലപാട്. ഡിജിപിയുടെ താളത്തിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഡിജിപി ഏൽപ്പിക്കണം.

കെപിസിസി ഭാരവാഹി പട്ടിക വൈകാതെ ഹൈക്കമാൻഡ് പുറത്തുവിടും. ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം പാലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടി പ്രവർത്തനത്തിന് കൂടുതൽ സമയം നൽകേണ്ടതിനാലാണ് ജനപ്രതിനിധികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് യുഎപിഎ വിഷയത്തിൽ സർക്കാരിലും പാർട്ടിയിലും അഭിപ്രായ ഭിന്നതയില്ലെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞത്. അലൻ ശുഹൈബിനും താഹ ഫസലിനുമെതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറയാൻ സാധ്യതയില്ലെന്നും ജയരാജൻ പറഞ്ഞു. ചിലപ്പോൾ മാധ്യമങ്ങളുടെ ചോദ്യം മോഹനന് മനസിലായിട്ടുണ്ടാവില്ല. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഇല്ലെന്നും ജയരാജൻ പറഞ്ഞു.

You must be logged in to post a comment Login