യുഎസിനെ തകര്‍ക്കാന്‍ ആണവ മിസൈല്‍ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരകൊറിയ; വെല്ലുവിളികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സിഐഎ തലവന്‍


വാഷിങ്ടന്‍: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ യുഎസിനെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ ഉത്തരകൊറിയ നിര്‍മ്മിക്കുമെന്ന് യുഎസിന്റെ മുന്നറിയിപ്പ്. യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ തലവനാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. യുഎസിനെ ആക്രമിക്കാന്‍ സാധിക്കുന്ന മിസൈല്‍ ഉത്തരകൊറിയ ഉടന്‍ നിര്‍മിക്കുമെന്നും അതിന് വളരെ കുറച്ച് താമസം മാത്രമേ ഉണ്ടാകൂ എന്നും സിഐഎ തലവന്‍ മൈക് പോമ്പിയോ വ്യക്തമാക്കി. ഉത്തരകൊറിയയും കിം ജോങ് ഉന്നും ഉയര്‍ത്തുന്ന വെല്ലുവിളികളെ സിഐഎ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയെ മുഴുവന്‍ പരിധിയിലാക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ‘ഹ്വാസോങ്-15’ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അവകാശപ്പെട്ടിരുന്നു. വിക്ഷേപണ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, രാജ്യം പൂര്‍ണ അണവായുധ ശേഷി കൈവരിച്ചതായും എന്നാല്‍ സ്വയംരക്ഷയ്ക്കായി മാത്രമേ ഉപയോഗിക്കൂ എന്നും വ്യക്തമാക്കിയിരുന്നു. 2017 സെപ്റ്റംബറില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച ഉത്തരകൊറിയ തൊട്ടുപിന്നാലെ രണ്ടുതവണ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. എന്നാല്‍, ഉത്തരകൊറിയയുടെ മിസൈലുകള്‍ യുഎസിനു ഭീഷണിയല്ലെന്നാണ് പെന്റഗണിന്റെ വാദം.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആണവായുധങ്ങളുമായി യുഎസിനെ ലക്ഷ്യമിടാന്‍ കഴിയുന്ന മിസൈല്‍ നിര്‍മിക്കാന്‍ ഉത്തരകൊറിയയ്ക്കു സാധിക്കുമെന്ന് സിഐഎ അംഗങ്ങളുടെ ചര്‍ച്ചകളില്‍ അഭിപ്രായം ഉയരാറുണ്ടെന്ന് പോമ്പിയോ പറഞ്ഞു. ഇത്തരം വെല്ലുവിളികളെ നയതന്ത്ര തലത്തിനു പുറത്ത് കൈകാര്യം ചെയ്യാന്‍ സഹായകമായ പലവിധ മാര്‍ഗങ്ങള്‍ പ്രസിഡന്റിന് കൈമാറുകയാണ് തന്റെ ഏജന്‍സിയുടെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരകൊറിയയ്‌ക്കെതിരെ ബലപ്രയോഗത്തിന് മുതിരുന്നതും അവരെ സൈനികമായി ആക്രമിക്കുന്നതും ആ മേഖലയില്‍ വന്‍തോതിലുള്ള ജീവഹാനിക്ക് കാരണമാകുമെന്നും പോമ്പിയോ അഭിപ്രായപ്പെട്ടു. യുഎസിന്റെ സുപ്രധാന സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയയും ഈ മേഖലയിലാണുള്ളത്. ഇത്തരം ഘടകങ്ങള്‍കൂടി പരിഗണിച്ചു മാത്രമേ ഉത്തരകൊറിയയ്‌ക്കെതിരെ എന്തു തീരുമാനവും കൈക്കൊള്ളാനാകൂ. മേല്‍പ്പറഞ്ഞ വെല്ലുവിളികള്‍ ഇല്ലായിരുന്നെങ്കില്‍ കിം ജോങ് ഉന്നിന്റെ ഭീഷണി വേരോടെ പിഴുതെറിയാന്‍ യുഎസിനു മുന്നില്‍ പല മാര്‍ഗങ്ങളുമുണ്ടായിരുന്നെന്നും പോമ്പിയോ വ്യക്തമാക്കി.

ഉത്തരകൊറിയയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രീതിയെയും പോമ്പിയോ പ്രശംസിച്ചു. ട്വിറ്ററിലൂടെ പ്രസിഡന്റ് നടത്തുന്ന കടുത്ത ഭാഷാപ്രയോഗം തീര്‍ച്ചയായും ഉത്തരകൊറിയയ്ക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയ്‌ക്കെതിരെ സംസാരിക്കുമ്പോള്‍ പ്രസിഡന്റിന്റെ ഭാഷാ രീതി നോക്കൂ. അതു ശ്രദ്ധിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഉത്തരകൊറിയ വിഷയത്തില്‍ യുഎസിന്റെ നിലപാടെന്താണ് എന്ന് ഇതിലൂടെ കിം ജോങ് ഉന്നിന് വ്യക്തമായി മനസ്സിലാകുമെന്നും പോമ്പിയോ കൂട്ടിച്ചേര്‍ത്തു

You must be logged in to post a comment Login