യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന് സ്മാരകം ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു. ഡാലസിലെ ഇന്ത്യന്‍ സമൂഹം മുന്‍കയ്യെടുത്താണു സ്മാരകം യാഥാര്‍ഥ്യമാക്കുന്നത്. റെസ്റ്റ്‌ലാന്‍ഡ് ഫ്യൂനറല്‍ ഹോമില്‍ മുപ്പതിന് അനുസ്മരണ ശുശ്രൂഷയും സ്മാരക സമര്‍പ്പണവും നടക്കും. ഫ്യൂനറല്‍ ഹോമില്‍ ഷെറിന്റെ പേരില്‍ പ്രത്യേക ഇരിപ്പിടം സ്ഥാപിക്കും.

മലയാളികളായ വെസ്‌ലി മാത്യൂസിന്റെയും സിനിയുടെയും വളര്‍ത്തുമകളായിരുന്നു ഷെറിന്‍. അനുസരണക്കേടിനു ശിക്ഷയായി രാത്രി വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കണ്ടില്ലെന്ന് ആദ്യം പറഞ്ഞ വെസ്‌ലി, പാലു കുടിക്കുന്നതിനിടെ ചുമച്ചു ശ്വാസംമുട്ടി കുട്ടി മരിച്ചെന്നു പിന്നീടു മൊഴി മാറ്റിയിരുന്നു. കുട്ടിയുടെ മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചത് വെസ്‌ലിയാണെന്നു പൊലീസ് പിന്നീടു കണ്ടെത്തി.

വെസ്‌ലിയും സിനിയും ഇപ്പോള്‍ ജയിലിലാണ്. ഇവരുടെ സ്വന്തം കുട്ടി ഹൂസ്റ്റണില്‍ മറ്റു ബന്ധുക്കള്‍ക്കൊപ്പവും. അച്ഛനമ്മമാരായിരിക്കാന്‍ വെസ്‌ലിക്കും സിനിക്കും യോഗ്യതയില്ലെന്നാണു കോടതി നിരീക്ഷണം.

You must be logged in to post a comment Login