യുഎസില്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടന്‍: യുഎസിലെ മെരിലാന്‍ഡിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. മെരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്റെ ഓഫീസിലാണ് വെടിവെപ്പുണ്ടായത്. അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മരണസംഖ്യ ക്യാപിറ്റല്‍ ഗസറ്റും തങ്ങളുടെ വാര്‍ത്താ വെബ്‌സൈറ്റില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിര്‍ക്കുകയായിരുന്നു. ഓഫീസിന്റെ ചില്ലുവാതില്‍ നിറയൊഴിച്ചു തകര്‍ത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ആരെല്ലാം മരിച്ചുവെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ഒരു റൗണ്ട് വെടിയുതിര്‍ത്ത ശേഷം വീണ്ടും തോക്കു നിറച്ചായിരുന്നു അക്രമിയുടെ വെടിവെപ്പ്. ഷോട്ഗണ്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനാപൊളിസിലെ 888 ബെസ്റ്റ്‌ഗേറ്റ് റോഡിലാണ് ക്യാപിറ്റല്‍ ഗസറ്റിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം. ഇതു പൂര്‍ണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. യുഎസിലെ മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു.

പ്രദേശത്തേക്കു വരരുതെന്ന് പൊതുജനങ്ങള്‍ക്കും പൊലീസിന്റെ നിര്‍ദേശമുണ്ട്. കെട്ടിടത്തില്‍ നിന്നു ലഭിച്ച അജ്ഞാത വസ്തുവും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്‌ഫോടക വസ്തു ആണിതെന്ന സംശയത്തില്‍ ബോംബ് സ്‌ക്വാഡും ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്.’ദ് ബാള്‍ട്ടിമോര്‍ സണ്‍’ മീഡിയ ഗ്രൂപ്പിന്റെ കീഴിലാണു ക്യാപിറ്റല്‍ ഗസറ്റിന്റെ പ്രവര്‍ത്തനം.

You must be logged in to post a comment Login