യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ആദ്യഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ ട്രംപിന് തിരിച്ചടി

 

വാഷിങ്ടന്‍: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ആദ്യഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. സെനറ്റില്‍ ഫലം വന്ന മാസച്യുസെറ്റ്‌സില്‍ ഡമോക്രറ്റിക് സ്ഥാനാര്‍ഥി എലിസബത്ത് വാരന്‍ വിജയിച്ചു. വെര്‍മൗണ്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബര്‍ണി സെന്‍ഡേഴ്‌സിനാണ് വിജയം.

അതേസമയം, ഇന്ത്യാനയില്‍ ജനപ്രതിനിധി സഭയിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹോദരന്‍ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് പെന്‍സ് വിജയച്ചു കയറി.

ഡമോക്രാറ്റ് സെനറ്റര്‍ കിര്‍സ്റ്റന്‍ ഗില്ലിബ്രാന്‍ഡ് ന്യൂയോര്‍ക്കില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയാണ് ഗില്ലിബ്രാന്‍ഡ്. ന്യൂജഴ്‌സിയിലും ജയം ഡെമോക്രാറ്റിനൊപ്പം. സെനറ്റര്‍ ബോബ് മെനന്‍ഡസ് മൂന്നാം തവണയും ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു.

പ്രാരംഭഘട്ടത്തിലെ കണക്കുകള്‍ അനുസരിച്ചു വോട്ടു ചെയ്ത 55 ശതമാനം പേരും ട്രംപിനെതിരെ വോട്ടു രേഖപ്പെടുത്തിയതാണ് സിഎന്‍എന്‍ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 44 ശതമാനം ആളുകള്‍ ട്രംപിനെ പിന്തുണച്ചു. ട്രംപ് പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ പ്രധാന തെരഞ്ഞെടുപ്പാണിത്, ട്രംപിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലും. വോട്ടിങ്ങ് ആരംഭിച്ചതു മുതല്‍ വിവിധ ബൂത്തുകള്‍ക്കു മുന്നില്‍ വലിയ തിരക്കാണ് കണ്ടത്. ഉച്ചയോടെ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

രണ്ടു സംസ്ഥാനങ്ങളില്‍ പോളിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ചില വിവരങ്ങള്‍ പ്രചരിച്ചിരുന്നു. തെറ്റായ വിവരങ്ങള്‍ക്കെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ പോളിങ്ങ് ബൂത്തിലേക്ക് പോകുന്നവര്‍ക്ക് ഊബര്‍, സിറ്റി ബൈക്ക് തുടങ്ങിയ കമ്പനികള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ വോട്ടെടുപ്പിനെ സ്വാധീനിക്കാതിരിക്കാനായി ഫെയ്‌സ് ബുക് നൂറ്റന്‍പതിലേറെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

You must be logged in to post a comment Login