യുഎസ് തീരത്തേക്ക് ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് വീശിയടിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

 

വില്‍മിങ്ടന്‍: യുഎസ് തീരത്തേക്ക് ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് വീശിയടിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അമേരിക്കന്‍ സമയം ഇന്ന് രാത്രി വൈകി അല്ലെങ്കില്‍ നാളെ പുലര്‍ച്ചെ (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പകല്‍) കാരലൈന തീരത്തെത്തും. ഫ്‌ലോറന്‍സിന് നിലവില്‍ മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗമുണ്ട്.

കാറ്റിന്റെ വേഗം ഇനിയും കൂടിയേക്കാം. കൂടാതെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പേമാരിയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. യുഎസിന്റെ കിഴക്കന്‍ തീരപ്രദേശത്തുനിന്ന് 15 ലക്ഷത്തോളം പേര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പുകള്‍ക്കും പ്രവചനങ്ങള്‍ക്കും ചെവികൊടുക്കാതെ ഒട്ടേറെപ്പേര്‍ വീടുകളില്‍ തന്നെ തുടരുന്നു.

എന്നാല്‍, മേഖലയില്‍നിന്നു പലായനം ചെയ്യുന്ന ആയിരക്കണക്കിനു വാഹനങ്ങള്‍കൊണ്ടു റോഡുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇതോടെ ഇന്ധനക്ഷാമവുമുണ്ട്. ‘മുന്‍പു കണ്ടിട്ടില്ലാത്തത്ര ഭീകരമായ കാറ്റും മഴയുമാണ് വരാനിരിക്കുന്നത്. കാത്തുനില്‍ക്കരുത്, ഒഴിഞ്ഞുപോവുക’ നോര്‍ത്ത് കാരലൈന ഗവര്‍ണ്‍ റോയ് കൂപ്പര്‍ പറഞ്ഞു.

1989നു ശേഷം കാരലൈനയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം ചുഴലിക്കാറ്റുകളുടെ നിരതന്നെ യുഎസ് തീരമേഖലകളില്‍ നാശം വിതച്ചിരുന്നു.

ഫ്‌ലോറന്‍സിനെ നേരിടാന്‍ യുഎസ് തയാറാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. നോര്‍ത്ത്, സൗത്ത് കാരലൈനകള്‍, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചുഴലിക്കാറ്റുകളുടെ തീവ്രത കുറിക്കുന്ന ഒന്നു മുതല്‍ അഞ്ചു വരെയുള്ള പട്ടികയില്‍ നാലാം വിഭാഗത്തിലാണ് നിലവില്‍ ഫ്‌ലോറന്‍സിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കരയിലെത്തുമ്പോള്‍ മണിക്കൂറില്‍ 253 കിലോമീറ്ററിലേറെ വേഗം കൈവരിച്ച് അഞ്ചാം കാറ്റഗറിയിലേക്കു മാറാം.

You must be logged in to post a comment Login