യുക്തിഭംഗങ്ങളുടെ ജോ ആന്റ് ദി ബോയ്

ഈ.വി ഫിലിപ്പ്

ഗുഡ്‌വില്‍ എന്റര്‍ ടെയിന്റമെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ് നിര്‍മ്മിച്ച ചിത്രമാണ് ജോ ആന്റ് ബോയ്. ശ്രദ്ധേയമായ ടൈറ്റില്‍, മഞ്ജു വാര്യരുടേയും മാസ്റ്റര്‍ സനൂപിന്റെയും ഹൃദ്യവും ആകര്‍ഷകവും മനോഹരവുമായ അഭിനയ മികവ്, പിക്ചറൈസേഷനിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും പുലര്‍ത്തിയ കൃത്യത ഈ ഘടകങ്ങളൊക്കെയാണ് ജോ ആന്റ് ദി ബോയ് എന്ന ചിത്രത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകതള്‍.jo-and-the-boy-11

പക്ഷെ, ഈ ഘടകങ്ങളൊക്കെയും ഒത്തുചേര്‍ന്നെങ്കിലും സിനിമയുടെ അടിത്തറയ്ക്ക് ശക്തി നല്‍കേണ്ട തിരക്കഥയുടെ ബലഹീനത ആസ്വാദ്യതയേയും വിശ്വസനീയതയേയും തകിടം മറിച്ചു.
കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ‘എന്തിന്’? എന്ന ചോദ്യം രചയിതാവ് ആദ്യം തന്നോടു തന്നെ ചോദിച്ചിട്ട് അതിന് ഉത്തരം കണ്ടെത്തിയ ശേഷമായിരിക്കണം ആ കൃത്യം നിര്‍വ്വഹിക്കപ്പെടേണ്ടത്. രചയിതാവിനു തന്നെ യാതൊരു നിശ്ചയവുമില്ലാതെ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നവ കഥയിലെ കല്ലുകടിയായി ആസ്വാദകനെ അകറ്റി നിര്‍ത്തും. ജോ ആന്റ് ദി ബോയീല്‍ സുധീര്‍ കരമനയ്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട ടൈഗര്‍ എന്ന കഥാപാത്രവും മുഹൂര്‍ത്തങ്ങളും അരോചകവും അസാംഗത്യവുമായി അനുഭവപ്പെട്ടത് ഇതിനുദാഹരണമാണ്.
മങ്കിപെന്‍ വിജയഗാഥയാക്കുവാന്‍ കഴിഞ്ഞ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അവരുടെ ഈ രണ്ടാമത്തെ സംരംഭം അത്ര കണ്ട് ഭംഗിയയാക്കുവാന്‍ കഴിയാതെ പോയി. ചലച്ചിത്ര ഭാഷ്യം നടത്തുന്ന പുതിയ സിനിമ പ്രവര്‍ത്തകരില്‍ കണ്ടു വരുന്ന ഒരു പ്രധാന കുറവ് ഇവിടെ ചൂണ്ടിക്കാട്ടുന്നതില്‍ പൊറുക്കുക. അവരുടെ ആദ്യ ചലച്ചിത്രം കെങ്കേമമായി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടും. രണ്ടാമത്തേതിന് കച്ചകെട്ടി ഇറങ്ങുമ്പോഴാണ് കള്ളി വെളിച്ചത്താകുന്നത്. രചയിതാവിന്റെ അനുഭവങ്ങളുടെ അഭാവമല്ലേ ഈ പരാജയങ്ങള്‍ക്കു കാരണം? തിരക്കഥയില്‍ സംഭവിച്ച പാളീച്ചകള്‍ ജോ ആന്റ് ദി ബോയീയെ അവിശ്വസനീയതയിലേക്ക് തള്ളിയിട്ടു, തികച്ചും ദയനീയമായി.

jo-and-the-boy
ജോ (മഞ്ചു വാര്യര്‍) എന്ന പെണ്‍കുട്ടി തികച്ചും മോഡേണായി ചിന്തിക്കുകയും സ്വന്തം കാഴ്ചപ്പാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന ലക്ഷ്യബോധമുള്ളവളാണ്. ആനിമേഷന്‍ ചിത്രീകരണത്തിലൂടെ ലോകം അറിയപ്പെടുന്നവളായി മാറുവാനുള്ള അവളുടെ പ്രയാണവും അതിനിടയില്‍ അവള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളുമാണ് കഥയുടെ കാമ്പ്.

യാദൃശ്ചികമായി അവളുടെ ജീവിതത്തിലേക്ക് ക്രിസ് ( മാസ്റ്റര്‍ സനൂപ്) എന്ന കുസൃതി കുട്ടന്‍ കടന്നുവരുന്നു. അവരുടെ ആദ്യകണ്ടുമുട്ടലിന്റെ മുഹൂര്‍ത്തം ഭംഗിയേറിയതായിരുന്നു. പിന്നീട് അവര്‍ ഇരുവരും ഒത്തു ചേരുന്നതോടെ വ്യത്യസ്തമായ പന്ഥാവിലൂടെ കഥയുടെ ഗതിമാറുകയാണ്. ആദ്യപകുതി ആകര്‍ഷകമാക്കുവാന്‍ കഥാ രചനയ്ക്കും സംവിധാനത്തിനും കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കെട്ടിപ്പൊക്കി ഉയര്‍ത്തിയതെല്ലാം നിലം പൊത്തുന്ന ദയനീയതയാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടതെന്ന് പറയാതെ വയ്യ.
യുക്തിഭംഗം കടന്നുകയറ്റം നടത്തിയ കഥാസന്ദര്‍ഭങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ജോയില്‍ നിന്നും ക്രിസ് അകലുവാനുണ്ടായ കാരണം സൃഷ്ടിക്കപ്പെട്ടത് ബലഹീനതയുടെ അടയാളമായി. വിശ്വസനീയമായ വിഷയങ്ങളൊന്നുമില്ലാതെ ഒരു നിമിഷാര്‍ദ്ധത്തില്‍ ക്രിസ് അകലുകയാണ്. ജോയോട് ഒപ്പമുള്ള അപ്പന്‍ അറിയിക്കുന്നുണ്ട്. ‘ക്രിസിന്റെ കൂട്ടുകെട്ട് അത്ര ശരിയല്ലെന്നും ഇങ്ങനെ പോയാല്‍ അവന്‍ കൈവിട്ടു പോകുമെന്നും’. കഥയിലെ ഏറ്റവും കാതലായ സന്ദര്‍ഭം വെറും വാചകത്തില്‍ ഒതുക്കിയതു മുതല്‍ ക്രിസിന്റെ അകല്‍ച്ചയുടെ സങ്കീര്‍ണ്ണതയ്ക്ക് വിള്ളല്‍ വീണു. അകല്‍ച്ച നില നില്‍ക്കുമ്പോള്‍ ജോയും ക്രിസും സംവാദം നടത്തുന്നുണ്ട്. പ്രാണനെപ്പോലെ താന്‍ സ്‌നേഹിക്കുന്ന ജോയോട് അടിസ്ഥാനപരമായ യാതൊരു കാരണവും ഇല്ലാതെയാണ് ക്രിസ് തട്ടിക്കയറുന്നതും ധാര്‍ഷ്ഠ്യത്തോടെ സംസാരിക്കുന്നതും. വായില്‍ ച്യൂയിംഗം ഇട്ട് ചവച്ച് ചില വില്ലന്‍ കഥാപാത്രങ്ങളുടെ പരിവേഷം നല്‍കി യുവാക്കളെപോലെ സംസാരിച്ച് അവന്‍ പടിയിറങ്ങുമ്പോള്‍ പത്തുവയസ്സുകാരന്‍ പയ്യന്റെ കഥാപാത്രാവിഷ്‌ക്കാരം തട്ടിയുടഞ്ഞു പോയി.
തനിക്ക് കുറെ കൂട്ടുകാരെ കിട്ടിയതുകൊണ്ടാണ് ജോയുടെ ക്രിസ് അകലുന്നതെന്നാണ് തിരക്കഥാകൃത്ത് നമ്മെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നത്. എത്ര ബാലിശമായ നിഗമനം. രക്ഷകര്‍ത്താവിനെപ്പോലെ സ്‌നേഹത്തോടും ആത്മാര്‍ത്ഥതയോടും ക്രിസിനോട് ഇടപെടുന്ന ജോയില്‍ നിന്നും അകലുവാന്‍ കണ്ടെത്തിയ കാരണങ്ങള്‍ കാറ്റുപോയ ബലൂണായി പരിണമിച്ചു.

jo-and-the-boy-slide
പിണങ്ങിപ്പിരിഞ്ഞ ക്രിസ് ജോയുമായി യോജിക്കുന്ന രംഗം വെറും കുട്ടിക്കളിപോലെ കാട്ടിക്കൂട്ടിയതും അരോചകല്ലേ? പ്രേക്ഷകന്റെ മനസ്സിനെ മഥിക്കേണ്ട ആ രംഗങ്ങള്‍ ഉജ്ജ്വലമാക്കുവാന്‍ തുനിയാത്തത് കഷ്ടമെന്നേ പറയാനാവൂ.
പക്ഷെ ക്രിസ് എന്ന ബാലന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ക്ക് വിശ്വസനീയമായ ഒരു തീപ്പൊരി, കഥയില്‍ കോറിയിട്ടിട്ടുണ്ട്. അത് വേണ്ട വിധത്തില്‍ വികസിപ്പിച്ചെടുത്തിരുന്നുവെങ്കില്‍ കഥയുടെ മാനം മാറി മറിഞ്ഞേനെ. തന്നെ ഒരു കഥാപാത്രമാക്കി കാണുകയാണ് ജോ എന്ന് തെറ്റിദ്ധരിച്ച്, താന്‍ കഥാപാത്രമല്ല ജീവനുള്ള സാധാരണ ബാലനാണെന്ന് വിഷയത്തിലേക്ക് അസ്ഥതതയെ വളര്‍ത്തി, അവരുടെ അകല്‍ച്ചയ്ക്ക് ആക്കം കൂട്ടാമായിരുന്നു. ആനിമേഷന്‍ കഥാപാത്രത്തില്‍ നിന്നും മോചനം നേടാനുള്ള ക്രിസിന്റെ വൃഗ്രതയും അവനെ മാനസീകമായി കഥാപാത്രം വല്ലാതെ വിഷമിപ്പിക്കുന്ന തലത്തിലേക്കും വളര്‍ത്താമായിരുന്നു. ആധുനിക യുഗത്തിലെ കുട്ടികളെ സ്വാധീനിച്ചിരിക്കുന്ന ആനിമേഷന്‍ ജ്വരത്തിനുള്ള വലിയൊരു താക്കീതായും കഥ ഉരുത്തിരിഞ്ഞേനെ.
തിരക്കഥയും സംവിധാനവും റോജിന്‍ തോമസാണ്. ഛായാഗ്രഹണം നീല്‍ ഡി. കുഞ്ഞ നിര്‍വ്വഹിച്ചു. മഞ്ജുവാര്യര്‍, മാസ്റ്റര്‍ സനൂപ്, ലാലു അലക്‌സ്, സുധീര്‍ കരമന, സുനില്‍ സുഖദ . രേഖ, പോളി, കലാരഞ്ജിനി എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവനേകി.

You must be logged in to post a comment Login