യുഡിഎഫിന്റെ രാപകല്‍ സമരത്തിന് ഇന്ന് സമാപനം

 

തിരുവനന്തപുരം: യുഡിഎഫിന്റെ രാപകല്‍ സമരത്തിന് ഇന്ന് സമാപനമാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയാണ് യുഡിഎഫിന്റെ രാപ്പകല്‍ സമരം ഇന്നലെ ആരംഭിച്ചത്. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്കു മുന്നിലുമായിരുന്നു സമരം. കേന്ദ്രസര്‍ക്കാരിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെയും ജനങ്ങളെ വഞ്ചിച്ചു കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന മദ്യനയത്തിനെതിരെയുമാണു സമരമെന്നു നേതാക്കള്‍ പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്കാണ് സമാപനം.

എല്ലാ ജില്ലകളിലും ആവേശത്തോടെയുള്ള വന്‍ജനപങ്കാളിത്തം ഉണ്ടായെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. സാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖര്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാനെത്തി. എംപിമാര്‍, എംഎല്‍എമാര്‍, യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ക്കു പുറമെ ത്രിതലപഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ അംഗങ്ങളും പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ (തിരുവനന്തപുരം), എന്‍.കെ.പ്രേമചന്ദ്രന്‍ എംപി (കൊല്ലം), ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് (പത്തനംതിട്ട), കെ.സി.വേണുഗോപാല്‍ എംപി (ആലപ്പുഴ), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ (കോട്ടയം), വി.എം.സുധീരന്‍ (കൊച്ചി), കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ (ഇടുക്കി), പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (തൃശൂര്‍), വി.എസ്.ശിവകുമാര്‍ എംഎല്‍എ (പാലക്കാട്), മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി (കോഴിക്കോട്), എം.ഐ.ഷാനവാസ് എംപി (വയനാട്), ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി (കണ്ണൂര്‍), സി.പി.ജോണ്‍ (കാസര്‍ഗോഡ്) എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറത്ത് 19ന് ആണു സമരമെന്നു തങ്കച്ചന്‍ അറിയിച്ചു.

You must be logged in to post a comment Login