യുഡിഎഫില്‍ വിമര്‍ശനവുമായി ലീഗ്; ഈ നിലയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല

തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്. പ്രതിപക്ഷ പ്രവര്‍ത്തനം പോരെന്ന വിമര്‍ശനം കോണ്‍ഗ്രസില്‍ ഉണ്ടാക്കിയ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് ലീഗിന്റെ വിമര്‍ശനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമര രംഗത്തിറങ്ങണമെങ്കില്‍ നേതാക്കള്‍ തമ്മില്‍ യോജിപ്പ് വേണം. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഇങ്ങനെ പോയാല്‍ മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടി വരുമെന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനെ മറ്റു ഘടകകക്ഷികള്‍ പിന്തുണയ്ക്കുകയും ചെയ്തു.

യുഡിഎഫ് സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ അടുത്ത മാസം നടത്താനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഗ്യാലറിയില്‍ ഇരുന്നു കളികാണുകയാണ്. അരിവിതരണം ഇതുവരെ സാധാരണ ഗതിയിലായിട്ടില്ല. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം ശരിയല്ല. ആഭ്യന്തര വകുപ്പ് പരാജയമാണ്. കേരളത്തില്‍ പൊലീസ് രാജാണ് നടക്കുന്നത്. പൊലീസ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരായ തോട്ടണ്ടി അഴിമതിയാരോപണത്തില്‍ ഇടതുപക്ഷത്തിന് മൗനമാണ്.

യുഡിഎഫ് കൂടുതല്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഹര്‍ത്താല്‍ നടത്തണമെന്ന ശക്തമായ ആവശ്യമാണ് യുഡിഎഫ് യോഗത്തില്‍ ഉണ്ടായത്. എന്നാല്‍, ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ടെന്ന തീരുമാനത്തില്‍ തല്‍ക്കാലം ഹര്‍ത്താല്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

You must be logged in to post a comment Login