ന്യൂഡല്‍ഹി: നാവിക സേനയുടെ മുന്‍നിര യുദ്ധവിമാനമായ മിഗ് 29കെ യുദ്ധവിമാനങ്ങള്‍ വാങ്ങിയതിലൂടെ 10000 കോടി രൂപ പാഴായെന്ന് സിഎജി. തീരെ ഗുണമേന്മയില്ലാത്ത റഷ്യന്‍ നിര്‍മിത യുദ്ധവിമാനമായ മിഗ് 29കെയ്ക്ക് സാങ്കേതിക തകരാര്‍ കൂടുതലാണെന്നും 50 ശതമാനത്തില്‍ താഴെ മാത്രമെ പ്രവര്‍ത്തന ക്ഷമതയുള്ളൂവെന്നും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. 2004-2010 കാലത്ത് വാങ്ങിയ 45 മിഗ് 29കെ വിമാനങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ട്.
നിരന്തരം യന്ത്രത്തകരാര്‍ ഉണ്ടാകുന്ന വിമാനം തീരെ കാര്യക്ഷമത കുറഞ്ഞതാണെന്നും പത്തോളം തവണ ഒറ്റ എഞ്ചിനില്‍ വിമാനം ലാന്‍ഡ് ചെയ്യേണ്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നാവിക സേനാ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ വിന്യസിച്ചിരിക്കുന്ന യുദ്ധവിമാനങ്ങളാണ് ഇവ. കൊച്ചിയില്‍ കമ്മിഷന് ചെയ്യാന്‍ പോകുന്ന വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തിലും ഇതേ യുദ്ധവിമാനങ്ങളാണ് വിന്യസിക്കാനിരിക്കുന്നത്.
2004നും 2010നും ഇടയിലായി 10500 കോടി രൂപ മുടക്കി 45 മിഗ് 29കെ യുദ്ധവിമാനങ്ങളാണ് റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയത്. എത്ര നന്നാക്കിയിട്ടും യന്ത്രത്തകരാര്‍ പരിഹരിക്കാനാകാത്ത ഈ വിമാനങ്ങള്‍ കാരണം നാവിക സേനാ പൈലറ്റുമാരുടെ പരിശീലനം വരെ സ്തംഭിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയ 2010 ന് ശേഷം ഇവയില്‍ പകുതിയോളം വിമാനങ്ങളിലും എഞ്ചിന് തകരാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇരട്ട എഞ്ചിന് യുദ്ധവിമാനമാണങ്കിലും നിര്‍മാണ പിഴവ് കാരണം ലാന്‍ഡ് ചെയ്യുമ്പോള്‍ ഒരു എഞ്ചിന് മാത്രമാണ് ഉപയോഗിക്കുന്നത്. യന്ത്രത്തകരാര്‍ കാരണം വിമാനം ഒറ്റ എഞ്ചിനില്‍ ലാന്‍ഡ് ചെയ്യേണ്ട നിരവധി സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റഷ്യന്‍ എഞ്ചിനീയര്‍മാരുടെ സംഘം വിമാനങ്ങളുടെ തകരാര്‍ പരിഹരിക്കാനായി ഗോവയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റഷ്യയ്ക്ക് പുറമെ ഇന്ത്യ മാത്രമാണ് മിഗ് 29കെ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നത്. വിമാന വാഹിനി കപ്പലില്‍ നിന്നും പറന്നുയര്‍ന്ന് ആക്രമണം നടത്താനാവുന്ന യുദ്ധവിമാനങ്ങളാണിവ.
കൊച്ചിയില്‍ കമ്മിഷനിങിനായി കാത്തിരിക്കുന്ന ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പാഴ്ച്ചെലവ് ഉണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടുന്നു. 2018ല്‍ കമ്മിഷന് ചെയ്യാന്‍ തീരുമാനിച്ച യുദ്ധക്കപ്പല്‍ നീറ്റിലിറങ്ങണമെങ്കില്‍ 2023 എങ്കിലുമാകുമെന്നും ഇത് സര്‍ക്കാരിന് പാഴ്ച്ചെലവ് ഉണ്ടാക്കുമെന്നും സിഎജി കുറ്റപ്പെടുത്തുന്നു.
You must be logged in to post a comment Login