യുപിയിലെ ഹിന്ദു ക്ഷേത്രങ്ങള്‍, സന്യാസ ആശ്രമങ്ങള്‍, മഠങ്ങള്‍ തുടങ്ങിയവയുടെ കണക്കെടുപ്പ് നടത്താനൊരുങ്ങി ബിജെപി; ലക്ഷ്യം ഹിന്ദു വോട്ടുകള്‍

ആഗ്ര: ഉത്തര്‍പ്രദേശിലെ ഹിന്ദു ക്ഷേത്രങ്ങള്‍, സന്യാസ ആശ്രമങ്ങള്‍, മഠങ്ങള്‍ തുടങ്ങിയവയുടെ കണക്കെടുപ്പ് നടത്താനൊരുങ്ങി ബിജെപി. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ നടപടികള്‍. ഹിന്ദു വോട്ടുകള്‍ കൂടുതല്‍ സമാഹരിക്കുക എന്നതാണ് ഇതിലൂടെ ബിജെപി ലക്ഷ്യംവെക്കുന്നത്.

ബൂത്ത് തലംമുതല്‍ കണക്കെടുപ്പ് നടത്താനാണ് ഉത്തര്‍പ്രദേശിലെ ബിജെപിയുടെ തീരുമാനം. ഇതോടൊപ്പം പിന്നാക്ക വിഭാഗങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഇത്തരത്തില്‍ സമാഹരിക്കും.

വിവര ശേഖരണത്തിനുള്ള ഫോറങ്ങള്‍ ഉത്തര്‍പ്രദേശിലെ 1.4 ലക്ഷത്തോളം വരുന്ന ബിജെപി ബൂത്ത് ഏജന്റ്മാര്‍ക്ക് സംസ്ഥാന നേതൃത്വം അയച്ചുകഴിഞ്ഞു. ഇതില്‍ മതസ്ഥാപനം ഏത്, അത് സ്ഥിതി ചെയ്യുന്ന സ്ഥലം, അവിടുത്തെ മുഖ്യ പുരോഹിതന്‍ അല്ലെങ്കില്‍ മഠാധിപതിയുടെ പേര്, അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ തുടങ്ങിയവ ശേഖരിക്കാനുള്ള ഭാഗങ്ങളുണ്ട്. മധാധിപതികള്‍ അല്ലെങ്കില്‍ പുരോഹിതര്‍ എന്നിവരിലൂടെ ഭക്തരിലേക്ക് എളുപ്പത്തില്‍ എത്താനാണ് ബിജെപി തീരുമാനം. 1.6 ലക്ഷം പോളിങ് ബൂത്തുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഇവിടങ്ങളില്‍ ഭൂരിഭാഗത്തും ബിജെപിക്ക് സംഘടനാ സംവിധാനം ശക്തമാണ്. ഇത് കൂടുതല്‍ ബലപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം, ഇതിനായി 21 അംഗ കമ്മിറ്റികളെയാണ് ഓരോ ബൂത്തിലും തെരഞ്ഞെടുക്കുക.

ഇതിന് പുറമെയാണ് പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളും മെനയുന്നത്. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം എല്ലാ ബൂത്തുകമ്മിറ്റികളിലും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തണമെന്ന കര്‍ശന നിര്‍ദ്ദേശവും ബിജെപി നല്‍കിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ബുത്ത്കമ്മിറ്റി ഭാരവാഹികളാക്കുന്നവരില്‍ രണ്ടുപേര്‍ സ്ത്രീകളായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പ്രദേശവാസികളില്‍ സ്വാധീനമുള്ള പ്രാദേശിക നേതാക്കള്‍, മറ്റ് പൗരപ്രമുഖര്‍ എന്നിവരുടെ വിവരങ്ങളും ബിജെപി ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ നിന്ന് 71 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ ബിജെപിയെ സഹായിച്ചതും യു.പിയായിരുന്നു. ഇത്തവണ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ക്കുന്നത് മുന്നില്‍കണ്ടാണ് ബിജെപി നീക്കം.

You must be logged in to post a comment Login