യുപിയില്‍ ബിജെപി മുന്‍ എംഎല്‍എയുടെ മകന്‍ വെടിയേറ്റ് മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ വെടിയേറ്റ് മരിച്ചു.പ്രേം പ്രകാശ് തിവാരിയുടെ മകന്‍ വൈഭവ് തിവാരി(36)യാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് നിയമസഭാ മന്ദിരത്തിന് മുന്നൂറു മീറ്റര്‍ അകലെ വച്ചാണ് വൈഭവിന് വെടിയേറ്റത്. ശനിയാഴ്ചയായിരുന്നു സംഭവം.

ടുമൊരെയാഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു പ്രേം പ്രകാശ്. വസതിയില്‍നിന്ന് വൈഭവിനെ പരിചയക്കാരില്‍ ചിലര്‍ ചേര്‍ന്ന് വിളിച്ചിറക്കുകയായിരുന്നെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അഭയ് പ്രസാദ് പറഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ വൈഭവിന് വെടിയേല്‍ക്കുകയായിരുന്നു.

ഐ ഐ എം അഹമ്മദാബാദില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈഭവ് റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 1989, 1991, 1993 വര്‍ഷങ്ങളില്‍ ടുമൊരെയാഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് പ്രേം പ്രകാശ് തിവാരിയായിരുന്നു. തുടര്‍ന്ന് 2014 ല്‍ ഇദ്ദേഹം സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ബി ജെ പിക്കു വേണ്ടിയായിരുന്നു പ്രേം പ്രകാശ് പ്രചരണത്തിന് ഇറങ്ങിയത്.

You must be logged in to post a comment Login