യുപിയില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ബറേലിയില്‍ ഇരുപതുകാരനെ കന്നുകാലി മോഷ്ടാവെന്ന് സംശയിച്ച് തല്ലിക്കൊന്നു

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ആള്‍ക്കൂട്ടം ഇരുപതുകാരനെ തല്ലിക്കൊന്നു. ഭോലാപൂര്‍ ഹദോലിയ ഗ്രാമത്തിലെ ഷാരൂഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.  കന്നുകാലി മോഷ്ടാവെന്ന് സംശയിച്ചായിരുന്നു ഷാരൂഖിനെ ആളുകള്‍ തല്ലിക്കൊന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഷാറൂഖ് ഖാൻ എന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടഞ്ഞു.ദുബൈയില്‍ ജോലി ചെയ്തിരുന്ന ഷാരൂഖ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

മയക്കുമരുന്ന് പതിവായി ഉപയോഗിക്കുന്ന വ്യക്തിയായിരുന്നു ഖാനെന്നും അമിതമായി മയക്കുമരുന്ന് കഴിച്ചിരുന്നതായി സംശയമുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അഭിനന്ദൻ പറഞ്ഞെങ്കിലും വൃക്കയിലും കരളിലുമുള്ള മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സുഹൃത്തുക്കളെ കാണാനായി ഇറങ്ങിയ ഖാൻ തിരികെയെത്താത്തതോടെ കുടുംബം പരിഭ്രാന്തരായി ഇരിക്കുമ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് വിവരമറിയിക്കുന്നത്. ഖാനും മറ്റു രണ്ടു സുഹൃത്തുക്കളും ചേർന്ന് പശുവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് തങ്ങൾ സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് പൊലീസ് രണ്ടു കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും പശു മോഷണത്തിനു ഷാറൂഖ് ഖാനും മൂന്നു സുഹൃത്തുക്കൾക്കെതിരെയുമാണ് കേസ്. പശുവിനെ മോഷ്ടിക്കാൻ ശ്രമിച്ചതായുള്ള ആരോപണം ഖാന്‍റെ കുടുംബം തള്ളിക്കളഞ്ഞു.

You must be logged in to post a comment Login