യുപിയില്‍ വീണ്ടും ശിശുമരണം; 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു

ഗോരഖ്പൂര്‍: യുപിയിലെ ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും ശിശുമരണം. 24 മണിക്കൂറിനിടെ 16 കുട്ടികളാണ് മിച്ചത്. 10 കുട്ടികള്‍ നിയോനെറ്റ് ഐസിയുവിലും 6 കുട്ടികള്‍ പീഡിയാട്രിക് ഐസിയുവിലുമാണ് മരിച്ചത്.

ഈ വർഷം ജനുവരി മുതൽ 1,470 കുട്ടികളെയാണ് ബിആർഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 310 കുട്ടികൾ മരിച്ചതായും ഡോക്ടർമാർ അറിയിച്ചു. മസ്തിഷ്കജ്വരത്തെ തുടർന്നാണ് ഭൂരിഭാഗം കുട്ടികളും മരിച്ചത്.

ഓഗസ്റ്റ് മാസം ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ട് കുട്ടികളടക്കം 71 പേര്‍ മരിച്ചതോടെയാണു ബിആര്‍ഡി ആശുപത്രി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിന്റെ ഭാഗമായി മുന്‍പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണു കുട്ടികള്‍ ഇവിടെ കൂട്ടമായി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയും ആശുപത്രിക്കെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

എന്നാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയത് ഓക്സിജന്‍ ലഭിക്കാത്തതിനാലോ ചികിത്സ ലഭിക്കാത്തതിനാലോ അല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അസുഖം വളരെ മൂര്‍ച്ഛിച്ചതിനു ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

You must be logged in to post a comment Login