യുവതിയുമായുള്ള ബന്ധം കോടിയേരിക്ക് അറിയാമായിരുന്നെന്ന് വെളിപ്പെടുത്തൽ

മുംബൈ: കോടിയേരി ബാലകൃഷണൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റെന്ന് വെളിപ്പെടുത്തി അഭിഭാഷകനായ കെ.പി ശ്രീജിത്ത്. കോടിയേരിയുടെ ഭാര്യ വിനോദിനിയും ബിനോയിയും മുൻപ് യുവതിയുമായി മധ്യസ്ഥ ചർച്ച നടത്താൻ മുംബൈയിൽ എത്തിയിരുന്നു. അന്ന് കെ.പി ശ്രീജിത്താണ് മധ്യസ്ഥ ചർച്ചക്ക് നേതൃത്വം നൽകിയത്.

കോടിയേരിക്ക് നേരത്തെ തന്നെ ബിനോയിയും യുവതിയും തമ്മിലുള്ള ബന്ധം അറിയാമായിരുന്നു. എഫ്‌ഐആർ ഇട്ട് ഇങ്ങനെയൊരു കേസ് ബിനോയിക്കെതിരെ ഉണ്ടായപ്പോഴാണ് ആദ്യമായി ഈ വിഷയത്തെ കുറിച്ച് അറിയുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ,
കോടിയേരിയുടെ ആ വാദം തെറ്റാണെന്ന് ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബിനോയിയും അമ്മയും യുവതിയോട് സംസാരിക്കാൻ തന്റെ ഓഫീസലാണ് ആദ്യം എത്തിയതെന്നും ശ്രീജിത്ത് വെളിപ്പെടുത്തി. യുവതി അന്ന് അഞ്ച് കോടി രൂപ നൽകണമെന്ന് ബിനോയ് കോടിയേരിയോട് പറഞ്ഞതിനെ തുടർന്നാണ് ചർച്ച അലസിപ്പിരിഞ്ഞത്. എന്നാൽ പണം നൽകാൻ ബിനോയ് തയ്യാറായിരുന്നില്ല. അന്ന് തന്നെ താൻ കോടിയേരിയെ ഫോണിൽ വിളിച്ച് വിഷയത്തിന്റെ ഗൗരവം അറിയിച്ചു. എന്നാൽ കോടിയേരി ബിനോയിയെ മാത്രമാണ് വിശ്വസിച്ചതെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു. കുട്ടിയുമായാണ് യുവതി അവിടെയെത്തിയെത്. കുട്ടി ബിനോയിയുടേതാണെന്ന് യുവതി പറഞ്ഞെങ്കിലും, കുട്ടിയുടെ പിതാവ് താനാണെന്ന് സമ്മതിക്കാൻ ബിനോയ് തയ്യാറായില്ല.

യുവതി ബിനോയിയെ ബ്ളാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിക്കുകയാണെന്ന് കോടിയേരി അന്ന് പറഞ്ഞതായി ശ്രീജിത്ത് ഓർമിച്ചു. ഇപ്പോൾ പണം കൊടുത്താൽ അവർ പിന്നെയും പണം ചോദിക്കുമെന്നും എന്ത് വന്നാലും താൻ നേരിടാൻ തയ്യാറാണെന്നും ബിനോയ് അന്ന് പറഞ്ഞിരുന്നെന്ന് ശ്രീജിത്ത് വെളിപ്പെടുത്തി. കോടിയേരി ഇതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും കേസായാൽ താൻ ഒറ്റക്ക് നേരിട്ടോളമെന്നും ബിനോയ് പറഞ്ഞിരുന്നു. കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തി മുന്നോട്ട് പോകാമെന്ന് യുവതി പറഞ്ഞിരുന്നു. എന്നാൽ, കുട്ടിയുടെ പിതാവ് താനാണെന്ന് അംഗീകരിക്കാനോ ഡിഎൻഎ ടെസ്റ്റ് നടത്താനോ ബിനോയ് ഒരുക്കമായിരുന്നില്ലെന്നും ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

You must be logged in to post a comment Login