യുവതിയെ പീഡിപ്പിച്ച കേസ്: ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

കണ്ണൂർ: വിവാഹവാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിനെത്തിയ മുംബൈ പൊലീസിന് ബിനോയ് കോടിയേരിയെ കാണാൻ സാധിച്ചില്ല. മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലെ വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നീ എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ബിനോയിയെ അന്വേഷിച്ച് കണ്ണൂരിലെത്തിയത്. ബിനോയ്ക്ക് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് പോലീസ് നൽകുമെന്നും ഹാജരായില്ലെങ്കിൽ അറസ്റ്റ് നടന്നേക്കുമെന്നുമാണ് സൂചന.

കേസന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് ബിനോയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതിൽ ബിനോയ് മറുപടി നൽകിയില്ല. എന്നാൽ, അറസ്റ്റ് സൂചന ലഭിച്ചതിനെ തുടർന്ന് ബിനോയ് കോടിയേരി ഇപ്പോൾ ഒളിവിലാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പോലീസ് ബിനോയിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അത് സ്വിച്ച് ഓഫ് ചെയ്ത അവസ്ഥയിലാണ്.

അതെ സമയം,ബിനോയ് കോടിയേരി ബാർ ഡാൻസറായിരുന്ന യുവതിക്കെതിരെ നൽകിയ പരാതിയിൽ കണ്ണൂർ ഐജി ഇത് വരെ നടപടി സ്വീകരിച്ചിട്ടില്ല. മുംബൈയിൽ നടന്ന സംഭവത്തിൽ കേരളത്തിൽ എങ്ങനെ നടപടി സ്വീകരിക്കുമെന്ന ആശങ്കയെ തുടർന്നാണ് നടപടി വൈകുന്നത്. യുവതി തന്നെ ബ്ളാക് മെയില്‍ ചെയ്യുന്നുവെന്ന് കാണിച്ചാണ് ബിനോയ് പരാതി നൽകിയത്. അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ട് ബിനോയ് മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. 2009 മുതൽ 2018 വിവാഹവാഗ്‌ദാനം നൽകി ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

You must be logged in to post a comment Login