യുവരാജ് മിന്നി; ഇന്ത്യ ബ്ലൂ ഫൈനലില്‍

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുന്ന ഓള്‍ റൗണ്ടര്‍ യുവരാജ് സിംഗ് ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്നു. എന്‍കെപി സാല്‍വെ ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ റെഡിനെതിരായ മല്‍സരത്തില്‍ യുവരാജ് ഉള്‍പ്പടെയുളള ബാറ്റ്‌സ്മാന്‍മാരുടെ മികവില്‍ ഇന്ത്യ ബ്ലൂവിന് തകര്‍പ്പന്‍ ജയം. കഴിഞ്ഞദിവസം ദില്ലിയെ തോല്‍പ്പിച്ച ഇന്ത്യ ബ്ലൂ ഈ ജയത്തോടെ ഫൈനലിലെത്തി. അത്യന്തം ആവേശകരമായ മല്‍സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യ ബ്ലൂവിന്റെ ജയം. ഇന്ത്യ ബ്ലൂ ഉയര്‍ത്തിയ 346 റണ്‍സിന്റെ ലക്ഷ്യം തേടി വീറോടെ പൊരുതിയ ഇന്ത്യ റെഡ് 49.5 ഓവറില്‍ 334 റണ്‍സില്‍ എത്തിയപ്പോള്‍ പരാജയം സമ്മതിക്കുകയായിരുന്നു. ജയത്തിലേക്ക് പൊരുതിയ ഇന്ത്യ റെഡ് വാലറ്റക്കാരെ ചുരുട്ടിയ വിനയകുമാറാണ് ബ്ലൂവിന് ജയമൊരുക്കിയത്. മല്‍സരത്തില്‍ വിനയകുമാറിന് നാലു വിക്കറ്റ് ലഭിച്ചു. റെഡിന് വേണ്ടി അഭിനവ് മുകുന്ദ്(83), സ്മിത് പട്ടേല്‍(68) മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ ബ്ലൂ നായകന്‍ യുവരാജ് സിംഗിന്റെയും(84) അക്ഷത് റെഡിയുടെയും(84) അഭിഷേക് നായരുടെയും(പുറത്താകാതെ 75) മനീഷ് പാണ്ഡെയുടെയും(70) മികവില്‍ 50 ഓവറില്‍ നാലിന് 345 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. യുവരാജിന്റെയും അഭിഷേക് നായരുടെയും അതിവേഗ ബാറ്റിംഗാണ് അവസാന ഓവറുകളില്‍ റണ്‍നിരക്ക് കുത്തനെ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 78 പന്തില്‍ നിന്ന് 151 റണ്‍സാണ് വാരിക്കൂട്ടിയത്. 53 പന്ത് നേരിട്ട യുവി അഞ്ചു സിക്‌സറും ആറു ബൗണ്ടറിയും നേടി. 39 പന്ത് അഭിഷേക് നായര്‍ ആറു ബൗണ്ടറിയും നാലു സിക്‌സറും ഉള്‍പ്പടെയാണ് 75 റണ്‍സെടുത്തത്.

നാളെ നടക്കുന്ന അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യ റെഡ്, ദില്ലിയെ നേരിടും. ഈ മല്‍സരത്തില്‍ ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ബ്ലൂവിനെ നേരിടും.

You must be logged in to post a comment Login