യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണയ്ക്കും ആഴ്‌സണലിനും വമ്പന്‍ ജയം

Image result for UEFA Champions League: Perfect 10 for Lionel Messi as Barcelona blank Monchengladbach 4-0
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്കും ആഴ്‌സണലിനും വമ്പന്‍ ജയം. ബാഴ്‌സ മോണ്‍ഷന്‍ഗ്ലാന്‍ബായെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തപ്പോള്‍ ബേസലിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു ആഴ്‌സണല്‍ മടക്കിയത്. വമ്പന്‍മാരുടെ പോരാട്ടത്തില്‍ ഒറ്റ ഗോളിന് അത്‌ലറ്റികോ മാഡ്രിഡിനെ ബയേണ്‍മ്യൂണിക് തോല്‍പ്പിച്ചു.

അര്‍ദാ ടുറാന്റെ ഹാട്രികും മെസിയുടെ ഗോളുമാണ് ബാഴ്‌സയ്ക്ക് വമ്പന്‍ ജയമൊരുക്കിയത്. പതിനാറാം മിനിറ്റില്‍ ലയണല്‍ മെസ്സിയാണ് ബാഴ്‌സയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ചാംപ്യന്‍സ് ലീഗില്‍ മെസിയുടെ തൊണ്ണൂറ്റി മൂന്നാം ഗോളാണിത്. ചാമ്പ്യന്‍സ് ലീഗ് ഗോള്‍വേട്ടയില്‍ റൊണാള്‍ഡോയുമായുള്ള അകലം രണ്ടാക്കി കുറയ്ക്കാനും അര്‍ജന്റീനയുടെ ക്യാപ്റ്റന് കഴിഞ്ഞു.

എല്‍ക്ലാസിേക്കായിലെ സമനില സമ്മാനിച്ച നിരാശ ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ മോണ്‍ഷന്‍ഗ്ലാന്‍ബാക്കെതിരെ ബാഴ്‌സലോണ തീര്‍ത്തു. നെയ്മര്‍ക്കും സുവാരസിനും പകരം മുന്നേറ്റ നിരയില്‍ അവസരം കിട്ടിയ ടുറാന്‍ ആഘോഷമാക്കി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍സിറ്റി സെല്‍റ്റിക് മത്സരം 11 ന് സമനിലയിലായി. ബാഴ്‌സയാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. ലൂക്കാസ് പെരേസിന്റെ ഹാട്രിക് മികവിലായിരുന്നു ബേസലിനെതിരെ ആഴ്‌സണലിന്റെ ജയം. 8, 16, 17 മിനിറ്റുകളില്‍ നിന്നായിരുന്നു പെരേസിന്റെ ഹാട്രിക്. ഇവോബിയുടെ വകയായിരുന്നു ഗണ്ണേഴ്‌സിന്റെ നാലാം ഗോള്‍. 78 ആം മിനിറ്റില്‍ ഡൂംബിയ ബേസലിന്റെ ആശ്വാസ ഗോള്‍നേടി.

ലെവന്റോസ്‌കിയുടെ ഒറ്റഗോളിനായിരുന്നു അത്‌ലറ്റികോ മാഡ്രിഡിനെ ബയേണ്‍മ്യൂണിക് തോല്‍പ്പിച്ചത്. ഇരുപത്തിയെട്ടാം മിനിറ്റിലായിരുന്നു ബയേണിന്റെ വിജയഗോള്‍. ജയത്തോടെ ഗ്രൂപ്പിലെ അത്‌ലറ്റിക്കോയുടെ സമ്പൂര്‍ണ ആധിപത്യം തടയാനും ജര്‍മ്മന്‍ വമ്പന്‍മാര്‍ക്കായി. പിഎസ്ജിയെ ലുഡോഗോററ്റ്‌സ് 22ന് സമനിലയില്‍ തളച്ചപ്പോള്‍ ഡൈനാമോ കീവ് ബെസിക്ടസിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

You must be logged in to post a comment Login