യു.എസില്‍ ഇന്ത്യന്‍ ഡോക്ടര്‍ രോഗിയുടെ കുത്തേറ്റ് മരിച്ചു

കന്‍സാസ്:  യു.എസില്‍ ഇന്ത്യന്‍ ഡോക്ടര്‍ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു.  തെലുങ്കാനയില്‍ നിന്നുള്ള അച്യുത റെഡ്ഡി(57) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാന്‍സാസിലെ ഹോളിസ്റ്റിക് സൈക്യാട്രി സര്‍വീസില്‍ സേവനമനുഷ്ടിക്കുകയായിരുന്നു ഇദ്ദേഹം.

സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ചികിത്‌സിക്കുന്ന ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. വെള്ളിയാഴ്ച ഇയാളെ അറ്റോര്‍ണി ഓഫീസറിന് മുന്നില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊലപാതകം നടത്തിയതിന് ശേഷം അടുത്തുള്ള പാര്‍ക്കിങ് സ്ഥലത്ത് ഉണ്ടായിരുന്ന കാറില്‍ ഇരിക്കുകയായിരുന്ന ഇയാളെ  ക്ലിനിക്കിന് സമീപത്തുള്ള ക്ലബിലെ സുരക്ഷ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അമേരിക്കയില്‍ നിരവധി ആശുപത്രികളില്‍ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അച്യുത റെഡ്ഡിയും ഭാര്യ ബീനയും.

ഫെബ്രുവരിയില്‍ ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിബോട്‌ലയെ അമേരിക്കയില്‍ വെടിവെച്ച് കൊന്നിരുന്നു.

You must be logged in to post a comment Login