യു.ഡി.എഫില്‍ നിന്നും ആരെയെങ്കിലും അടര്‍ത്തിമാറ്റാമെന്നത് ഇടതുമുന്നണിയുടെ വ്യാമോഹം:സുധീരന്‍

യു.ഡി.എഫില്‍ നിന്ന് ആരെയെങ്കിലും അടര്‍ത്തിമാറ്റാമെന്ന് ഇടതുമുന്നണി ധരിക്കുന്നുണ്ടെങ്കില്‍ അതു വ്യാമോഹം മാത്രമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. കോട്ടയം ഡി.സി.സി. നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിക്ക് ഇങ്ങനെയൊരു മോഹമുണ്ടെങ്കില്‍ അതിനു വച്ച വെളളം വാങ്ങിവയ്ക്കുകയാണ് നല്ലത്. യു.ഡി.എഫിനൊപ്പമുളളവരെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ വെളിവാകുന്നത് എല്‍.ഡി.എഫിന്റെ ദൗര്‍ബല്യമാണ്. നിലവിലുളള സംവിധാനത്തില്‍ രക്ഷയില്ലെന്നു കണ്ടതോടെയാണ് പുതിയ നീക്കത്തിനു ഇടതുമുന്നണി മുതിരുന്നത്. യു.ഡി.എഫിലെ ഒരാള്‍ പോലും ഈ കെണിയില്‍ വീഴില്ലെന്നും സുധീരന്‍ പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന കെ.എം.മാണിയുടെ നിലപാടാണ് തനിക്കുമുള്ളത്. ഘടകകക്ഷികളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നതില്‍ ആശയക്കുഴപ്പം വേണ്ട. ആരും സ്ഥാനാര്‍ഥികളായി സ്വയം പ്രഖ്യാപിക്കേണ്ട. നിലവിലുള്ള പല എം.പിമാരും സ്ഥാനാര്‍ഥികളായേക്കാം, എന്നാല്‍, തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ വൈകാതെ നടക്കും.
പശ്ചിമഘട്ടം തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. പരിസ്ഥിതിക്കൊപ്പമുള്ള പ്രാധാന്യം കര്‍ഷകര്‍ക്കും ലഭിക്കണം. മനുഷ്യരുടെ പ്രശ്‌നങ്ങള്‍ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ ഇന്ന് നിരായുധരാണെന്നും എതിര്‍ക്കാന്‍ ഇവര്‍ക്ക് ആയുധങ്ങളൊന്നുമില്ലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയെയാണ് സി.പി.എം. ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. പിണറായി വിജയന്‍ വടക്കു നിന്നു തെക്കോട്ടു രക്ഷാമാര്‍ച്ച് നടത്തിയാലും സി.പി.എം. രക്ഷപ്പെടില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളിക്കളയണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് കെ.പി.സി.സി.വൈസ് പ്രസിഡന്റ് അഡ്വ. വി.ഡി.സതീശന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട് പരിസ്ഥിതിയെയും മനുഷ്യനെയും സഹായിക്കുന്നില്ല. എന്നാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു. മന്ത്രിസഭയും പാര്‍ട്ടിയും രണ്ടല്ല. പാര്‍ട്ടിയായാലും സര്‍ക്കാരായാലും എടുക്കുന്ന തീരുമാനങ്ങളില്‍ വ്യക്തതയുണ്ടെങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കപ്പെടുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ടോമി കല്ലാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, മേഘാലയ മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇടുക്കിയില്‍ യു.ഡി.എഫിന് ഒറ്റ സ്ഥാനാര്‍ഥി മാത്രം
കട്ടപ്പന: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റില്‍ യു.ഡി.എഫിന് ഒറ്റ സ്ഥാനാര്‍ഥി മാത്രമേ ഉണ്ടാകുകയുള്ളെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന്‍.
ഇടുക്കി ഡി.സി.സി. പ്രസിഡന്റ് റോയി.കെ. പൗലോസ് നയിക്കുന്ന ജനപക്ഷ യാത്രയ്ക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടം സംരക്ഷിക്കണം. എന്നാല്‍ പരിസ്ഥിതി സംരക്ഷണം മനുഷ്യ സംരക്ഷണം കൂടിയാണെന്നതാണ് കെ.പി.സി.സിയുടെ നിലപാട്. പി.ടി. തോമസ് എം.പി., ഇ.എം. ആഗസ്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login