യൂണിലിവറിന്റെ പരസ്യങ്ങളില്‍ ഇനി സ്ത്രീകളുടെ നഗ്‌നത ഉണ്ടാകില്ല

Unilever

ന്യൂഡല്‍ഹി: പരസ്യങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ സ്ത്രീകളുടെ മേനീ പ്രദര്‍ശനം നടത്തുന്ന പ്രവണത അവസാനിപ്പിക്കാന്‍ ലോകത്തെ പ്രമുഖ കമ്പനിയായ യൂണിലിവര്‍ തീരുമാനിച്ചു. കഴിഞ്ഞയാഴ്ചയാണ് കമ്പനി ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ആഗോളതലത്തില്‍ തന്നെ പരസ്യങ്ങളില്‍ നിന്ന് സ്ത്രീകളുടെ നഗ്‌നതാ പ്രദര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഡോവ്, ഫ്‌ളോറ, സണ്‍സില്‍ക്ക് തുടങ്ങി നാനൂറിലേറെ ബ്രാന്‍ഡുകളാണ് യുണിലിവറിനുള്ളത്. കഴിഞ്ഞ കാലങ്ങളിലെ ഇവയുടെ പല പരസ്യങ്ങളിലും സ്ത്രീകളെ ലൈംഗിക പ്രതീകങ്ങളായാണ് ചിത്രീകരിച്ചിരുന്നത്. അടുക്കള ജോലി ചെയ്യുന്ന സ്ത്രീയെ ചിത്രീകരിക്കുന്ന ഫ്‌ളോറയുടെ പരസ്യം ഉള്‍പ്പെടെ പലതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

തങ്ങളുടെ പരസ്യങ്ങളെ കുറിച്ച് സ്വയം നടത്തിയ പഠനത്തിനൊടുവിലാണ് യൂണിലിവര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പരസ്യങ്ങളില്‍ രണ്ട് ശതമാനത്തില്‍ മാത്രമേ സ്ത്രീകളെ ബുദ്ധിമതികളായി ചിത്രീകരിക്കുന്നുള്ളൂ എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. പരസ്യങ്ങളില്‍ കാണുന്ന സ്ത്രീകളെ തങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്ത് 40 ശതമാനം സ്ത്രീകളും അഭിപ്രായപ്പെട്ടത്. വര്‍ഷം തോറും 6.3 ബില്യണ്‍ ഡോളറാണ് യൂണിലിവര്‍ ചിലവഴിക്കുന്നത്.

പരസ്യങ്ങളില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതിയ്ക്ക് മാറ്റം വരുത്തേണ്ട അനുയോജ്യ സമയമാണ് തങ്ങള്‍ക്ക് ഇതെന്ന് യൂണിലിവര്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ കെയ്ത് വീഡ് പറഞ്ഞു. വര്‍ഷം തോറും ബില്യണ്‍ കണക്കിന് ഡോളറാണ് ഞങ്ങള്‍ പരസ്യങ്ങള്‍ക്കായി ചിലവഴിക്കുന്നത്. ഇത് ഗുണകരമായ രീതിയില്‍ ഉപയോഗിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login