യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്നലെയുണ്ടായ എസ്എഫ്‌ഐ അതിക്രമത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. മണ്ഡലം തലങ്ങളില്‍ ആകും പ്രതിഷേധം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോണ്ഗ്രസിന്റെയും കെഎസ്‌യുവിന്റെയും നീക്കം.

വിഷയത്തില്‍ ഗവര്‍ണറെക്കണ്ട് പരാതി നല്‍കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. അതിനിടെ എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അറുപത് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. റോഡ് ഉപരോധിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് കേസ്.കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ മൊഴിയില്‍ മുപ്പത് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കന്റോണ്‍മെന്റ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു – എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നുവെന്നാണ് ആരോപണം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ തലയ്ക്ക് പരുക്കേറ്റിരുന്നു.

You must be logged in to post a comment Login