യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പ്രതികളെ സംരക്ഷിച്ച് കോളേജ് അധികൃതർ

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷ സംഭവങ്ങളിൽ പ്രതികളെ സംരക്ഷിച്ച് കോളേജ് അധികൃതർ. പ്രതികളായ പത്തൊൻപത് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് റിപ്പോർട്ട് നൽകിയെങ്കിലും സസ്‌പെൻഡ് ചെയ്തത് ആറ് പേരെ മാത്രമാണ്. കോളേജിന്റെ നിസഹകരണം മൂലം പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാനായിട്ടില്ല.
സംഭവത്തിൽ പൊലീസിന് കടുത്ത അമർഷമുണ്ട്.

അതേസമയം, യൂണിവേഴ്‌സിറ്റി കോളേജിൽ പൊലീസിനെ നോക്കുകുത്തിയാക്കാൻ ശ്രമം നടക്കുന്നുണ്ട്. കോളേജിൽ നിന്ന് പൊലീസിനെ പിൻവലിപ്പിക്കാൻ എസ്എഫ്‌ഐ പ്രവർത്തകരാണ് നീക്കം നടത്തുന്നത്. ഇന്നലെയുണ്ടായ തർക്കം ഇതിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബോധപൂർവം പൊലീസിനെതിരെ ആക്ഷേപങ്ങൾ ഉയർത്തുന്നതായും പരാതിയുണ്ട്. കോളേജിൽ ഇങ്ങനെ തുടരാനാകില്ലെന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുള്ളത്. ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരെ പൊലീസ് അതൃപ്തി അറിയിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിൽ പൊലീസുകാരെ ഇറക്കി വിടാൻ എസ്എഫ്‌ഐ പ്രവർത്തകർ ശ്രമിച്ചതായി ട്വന്റിഫോർ ഇന്നലെ വാർത്ത നൽകിയിരുന്നു. പൊലീസുകാരുടെ ലാത്തി എസ്എഫ്‌ഐ നേതാക്കൾ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ അടക്കമാണ് വാർത്ത നൽകിയത്. പുതിയതായി നിയമിച്ച അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളാണ് പൊലീസിനെ എതിർത്തത്. യൂണിവേഴ്‌സിറ്റി കോളേജിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാർക്ക് നേരെയായിരുന്നു എസ്എഫ്‌ഐ നേതാക്കളുടെ അതിക്രമം. പൊലീസുകാരോട് ഗേറ്റിന് പുറത്തു പോകാൻ പറഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

You must be logged in to post a comment Login