യൂറോപ്യന്‍ കമ്മീഷന്റെ വിധിയെ വെല്ലുവിളിക്കാനൊരുങ്ങി ആപ്പിളും അയര്‍ലന്‍ഡും; ഈ ആഴ്ച അപ്പീല്‍ നല്‍കും

ഡബ്ലിന്‍: നികുതി വെട്ടിപ്പ് കേസില്‍ ആപ്പിള്‍ അയര്‍ലന്‍ഡിന് 13 ബില്യണ്‍ യൂറോ നികുതിയിനത്തില്‍ തിരിച്ചടക്കണമെന്ന യൂറോപ്യന്‍ കമ്മീഷന്‍ വിധിക്കെതിരെ കമ്പനി അപ്പീല്‍ നല്‍കാനൊരുങ്ങുന്നു. ആപ്പിളിന് നികുതിയിളവ് നല്‍കിയ നടപടി നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ഇയു കമ്മീഷന്‍ റെക്കോര്‍ഡ് പിഴയാണ് കമ്പനിക്ക് ചുമത്തിയത്.

യൂറോപ്യന്‍ കമ്മീഷന്റെ അന്വേഷണം സ്ഥാപിതമായ താല്‍പര്യത്തോടെയാണെന്നാണ് ആപ്പിളിന്റെ പ്രതികരണം. അയര്‍ലന്‍ഡും കമ്മീഷന്റെ വിധിയെ ചോദ്യം ചെയ്തിരുന്നു. തങ്ങളുടെ പരമാധികാരത്തിനെതിരെയുള്ള കടന്നുകയറ്റമാണിതെന്നാണ് അയര്‍ലന്‍ഡ് ആരോപിക്കുന്നത്.

അയര്‍ലന്‍ഡിലാണ് ആപ്പിള്‍ കമ്പനിയുടെ യൂറോപ്യന്‍ ആസ്ഥാനം. അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സാധാരണ 12.5 ശതമാനമാണ് നികുതി ചുമത്തുന്നത്. എന്നാല്‍ അയര്‍ലന്‍ഡ് ആപ്പിളിന് നികുതിയിളവ് നല്‍കിയെന്നും നിലവില്‍ ഒരു ശതമാനത്തില്‍ താഴെ നികുതിയാണ് കമ്പനി അടക്കുന്നതെന്നും യൂറോപ്യന്‍ കമ്മീഷന്‍ ഓഗസ്റ്റില്‍ കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച ഐറിഷ് ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഐറിഷ് നിയമത്തെയും വസ്തുതകളെയും യൂറോപ്യന്‍ കമ്മീഷന്‍ തെറ്റായാണ് മനസിലാക്കിയിരിക്കുന്നതെന്ന്് ശക്തമായ ഭാഷയില്‍ പറഞ്ഞു. അയര്‍ലന്‍ഡ് ആപ്പിളിന് പ്രത്യേക നികുതിയിളവ് നല്‍കിയിട്ടില്ല. ഈ കേസില്‍ നികുതി പൂര്‍ണമായി അടച്ചതാണെന്നും രാജ്യം ഒരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. അയര്‍ലന്‍ഡ് നികുതിദായകരുമായി യാതൊരു കരാറും ഉണ്ടാക്കാറില്ലെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.

യൂറോപ്യന്‍ കമ്മീഷന്‍ അയര്‍ലഡിലെ നികുതി വിദഗ്ധരെ അവഹേളിക്കുകയാണെന്ന് ആപ്പിള്‍ ജനറല്‍ കൗണ്‍സല്‍ ബ്രൂസ് സീവെല്‍ റോിയിട്ടേഴ്‌സിനോട് പറഞ്ഞു. ആപ്പിളിന് നിയമത്തിന്റെ മുന്നില്‍ വേര്‍തിരിവെന്നുമില്ല. ആപ്പിളിനെ സ്ഥാപിത താല്‍പര്യത്തോടെ ലക്ഷ്യമിട്ടതാണെന്നും സീവെല്‍ പറഞ്ഞു.

നികുതിയിളവ് നേടിയതിന് യൂറോപ്യന്‍ കമ്മീഷന്‍ നടപടി നേരിടുന്ന ആദ്യ കമ്പനിയല്ല ആപ്പിള്‍. കഴിഞ്ഞവര്‍ഷം സ്റ്റാര്‍ബക്‌സില്‍ നിന്ന് 30 മില്യണ്‍ യൂറോ നികുതിയിനത്തില്‍ തിരിച്ചുപിടിക്കാന്‍ നെതര്‍ലാന്‍ഡിനോടും ഫിയറ്റില്‍ നിന്ന് നികുതി ഈടാക്കാന്‍ ലക്‌സംബര്‍ഗിനോടും കമ്മീഷന്‍ പറഞ്ഞിരുന്നു.

You must be logged in to post a comment Login