യൂറോ കപ്പ്: യോഗ്യത തേടി ക്രൊയേഷ്യയും ബെല്‍ജിയവും ഇന്നിറങ്ങും

ലണ്ടന്‍: ക്ലബ്ബ് ഫുട്‌ബോളിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ഇനി കാല്‍പന്ത് ലോകം ദേശീയ മത്സരങ്ങളുടെ ആവേശത്തിലേക്ക്. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കും യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കും അരങ്ങുണര്‍ന്ന് കഴിഞ്ഞു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ക്രൊയേഷ്യ അസെര്‍ബെയ്ജാനെയും ബെല്‍ജിയം റഷ്യയെയും ഹോളണ്ട് ബെലാറസിനെയും നേരിടും. ലോകകപ്പിലെ നേട്ടങ്ങളുടെ പിന്‍ബലത്തില്‍ വിശ്വസിച്ച് ക്രൊയേഷ്യയും ബെല്‍ജിയവും ഇറങ്ങുമ്‌ബോള്‍ ലോകകപ്പിലെ തിരിച്ചടി മറക്കാന്‍ ലക്ഷ്യമിട്ടാണ് ഹോളണ്ടിന്റെ വരവ്.

നിലവിലെ ചാമ്ബ്യന്മാരായ പോര്‍ച്ചുഗല്‍ ഇത്തവണ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. അതിന്റെ ഭാഗമായാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമിലേക്ക് തിരിച്ചുവിളിച്ചത്. ലോകകപ്പിന് ശേഷമുണ്ടായ ലൈംഗിക ആരോപണ വിവാദത്തെത്തുടര്‍ന്ന് റൊണാള്‍ഡോയെ ദേശീയ ടീമില്‍ നിന്ന് തഴഞ്ഞിരുന്നു. യോഗ്യതാ മത്സരങ്ങള്‍ രാത്രി 1.15 മുതല്‍ സോണി ലൈവ് ചാനലുകളില്‍ തത്സമയ സംപ്രേഷണം ചെയ്യും.

55 ടീമുകളാണ് ഇത്തവണ യൂറോ കപ്പിലേക്ക് യോഗ്യത തേടുന്നത്. ഇതില്‍ 24 ടീമുകള്‍ക്കാണ് ടൂര്‍ണമെന്റില്‍ യോഗ്യത ലഭിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ടിനൊപ്പം ചെക്ക് റിപ്പബ്ലിക്കാണ് കരുത്തരായുള്ളത്. ബല്‍ഗേറിയയുടെ മുന്നേറ്റവും തള്ളിക്കളയാനാവില്ല. ഗ്രൂപ്പ്ബിയില്‍ പോര്‍ച്ചുഗല്‍ യോഗ്യത തേടുമ്‌ബോള്‍ ഉക്രയിന്‍,സെര്‍ബിയ എന്നിവരും ശക്തരായുണ്ട്. ശക്തമായ ഗ്രൂപ്പ് സിയില്‍ ജര്‍മ്മനിക്ക് വെല്ലുവിളി ഉയര്‍ത്തി ഹോളണ്ടുണ്ട്.

ഗ്രൂപ്പ് ഡിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഡെന്‍മാര്‍ക്കുമാണ് കരുത്തര്‍. ഗ്രൂപ്പ് ഇയില്‍ ക്രൊയേഷ്യയും വെയ്ല്‍സും ശക്തികാട്ടുമ്‌ബോള്‍ ഗ്രൂപ്പ് എഫില്‍ സ്‌പെയിന് ഭീഷണി ഉയര്‍ത്തി സ്വീഡനുണ്ട്. ഗ്രൂപ്പ് ജിയില്‍ പോളണ്ടും ഓസ്ട്രിയയുമാണ് കരുത്തര്‍. ഗ്രൂപ്പ് എച്ചില്‍ നിലവിലെ ലോകജേതാക്കളായ ഫ്രാന്‍സ് കളിക്കുമ്‌ബോള്‍ തുര്‍ക്കിയും ഐസ്‌ലാന്‍ഡും പ്രധാന എതിരാളികളാവും. ഗ്രൂപ്പ് ഐയില്‍ ബെല്‍ജിയവും റഷ്യവും അണിനിരക്കുമ്‌ബോള്‍ ഇറ്റലിയും ഗ്രീസുമാണ് ഗ്രൂപ്പ് ജെയിലെ സൂപ്പര്‍ ടീമുകള്‍.

ലോകകപ്പിലെ കരുത്തുറ്റ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ബെല്‍ജിയത്തിന്റെ വരവ്. ടീമിലെ സൂപ്പര്‍ താരങ്ങളായ റോമലു ലുക്കാക്കു ഏദന്‍ ഹസാര്‍ഡ്,വിന്‍സെന്റ് കോംപാനി എന്നിവരെല്ലാം മികച്ച ഫോമില്‍ പന്തുതട്ടുമ്‌ബോള്‍ തടുത്തിടാന്‍ റഷ്യ പാടുപെടും. റഷ്യ എതിരാളികളായെത്തിയ അവസാന അഞ്ച് മത്സരത്തില്‍ നാലിലും ജയം ബെല്‍ജിയത്തിനായിരുന്നു.യുവേഫ നാഷന്‍സ് ലീഗില്‍ മികവിനൊത്ത് ഉയരാന്‍ കഴിയാതിരുന്ന ബെല്‍ജിയം സ്വിറ്റ്‌സര്‍ലന്‍ഡിനോട് 52ന് തോറ്റതിന്റെ ക്ഷീണത്തിലാണ് റഷ്യക്കെതിരേ ഇറങ്ങുന്നത്.

ഗ്രൂപ്പ് ഇയില്‍ മത്സരിക്കാനിറങ്ങുന്ന ക്രൊയേഷ്യക്ക് അസെര്‍ബെയ്ജാനോട് ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്. ലോകകപ്പില്‍ നടത്തിയ അവിസ്മരണീയ കുതിപ്പ് ഭാഗ്യംകൊണ്ടല്ലെന്ന് തെളിയിക്കേണ്ടത് ലൂക്കാ മോഡ്രിച്ചിനും സംഘത്തിനും അനിവാര്യമാണ്. ലോകകപ്പിന് ശേഷം കളിച്ച ആറ് മത്സരത്തില്‍ മൂന്നിലും ക്രൊയേഷ്യ ജയിച്ചപ്പോള്‍ ഒരു മത്സരം തോല്‍ക്കുകയും രണ്ട് മത്സരം സമനിലവഴങ്ങുകയും ചെയ്തു.

You must be logged in to post a comment Login