യെദ്യൂരപ്പയുടെ അഴിമതി ഡയറി: പ്രധാനമന്ത്രി മറുപടി പറയണം; പ്രഥമ ലോക്പാല്‍ സംഭവം അന്വേഷിക്കണം; ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ യെദ്യൂരപ്പയുടെ ഡയറി ആയുധമാക്കി കോണ്‍ഗ്രസ്. ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008 09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായി വെളിപ്പെടുത്തലാണ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപിക്ക് തലവേദനയായിരിക്കുന്നത്.

സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രഥമ ലോക്പാല്‍ സംഭവം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മുതല്‍ താഴെയുള്ള നേതാക്കള്‍ക്കെതിരെ വരെ അന്വേഷണം നടത്തേണ്ട സാഹചര്യമാണ് ഇതെന്നും കോണ്‍ഗ്രസ് വിശദമാക്കുന്നു.

ബിജെപിക്കെതിരെ 1800 കോടിയുടെ കോഴ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ബിജെപി നേതാക്കള്‍ക്ക് യെദ്യൂരപ്പ കോടികള്‍ കൈമാറി. പണം നല്‍കിയത് മുഖ്യമന്ത്രി പദം കിട്ടാനെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദ്യൂരപ്പ 1000 കോടി നല്‍കിയെന്നാണ് ഔദ്യോഗിക ഡയറിയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഗഡ്കരിക്കും ജെയ്റ്റ്‌ലിക്കും 150 കോടി വീതം നല്‍കി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് യെദ്യൂരപ്പ 10 കോടി നല്‍കി . രാജ്‌നാഥ് സിംഗിന് നല്‍കിയത് 100 കോടിയെന്നും ഡയറിയിലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു.

അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി നല്‍കി. ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയെന്നും യെദ്യൂരപ്പയുടെ ഡയറിയില്‍ വിശദമാക്കുന്നു. ഓരോ പേജിലും യെദ്യൂരപ്പയുടെ കയ്യൊപ്പോട് കൂടിയ ഡയറിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ബിജെപിയ്‌ക്കെതിരെ ഒരു ആയുധമായി എന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.

You must be logged in to post a comment Login