യെമനിലെ യുദ്ധഭൂമിയില്‍ നിന്നും രെഞ്ചുവും കുടുംബവും നാട്ടിലെത്തി

ചെങ്ങന്നൂര്‍ : യെമനിലെ വെടിയുണ്ടകള്‍ക്ക് നടുവില്‍ നിന്നും രെഞ്ചുവും കുടുംബവും നാട്ടിലെത്തി. ചെങ്ങന്നൂര്‍ പേരിശ്ശേരി ചെല്ലുവേലിതുണ്ടിയില്‍ സി.സി വര്‍ഗീസിന്റെ മകന്‍ രെഞ്ചു വര്‍ഗീസും കുടുംബവുമാണ് ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ നെടുമ്പാശേരിയിലെത്തിയത്. നെടുമ്പാശ്ശേരിയില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസില്‍ 9 മണിയോടെ ഇവര്‍ വീട്ടിലെത്തുകയായിരുന്നു.
സനായിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആശുപത്രിയില്‍ നഴ്‌സായ ബിജി രെഞ്ചു, മക്കളായ എമിലിയ, എല്‍വിന്‍ എന്നിവര്‍ക്കൊപ്പമാണ് രെഞ്ചു വീട്ടിലെത്തിയത്. ചൊവ്വാഴ്ച സനയിലെ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നെങ്കിലും അന്ന് വിമാനത്തില്‍ കയറാന്‍ കഴിയാതെ തിരിച്ചു പോയി. കഴിഞ്ഞ രാത്രി 5 മണിയോടെയാണ് ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്. നെടുമ്പാശേരിയില്‍ നിന്നും കെഎസ്ആര്‍ടിസി സൗജന്യമായിട്ടാണ് എല്ലാവരേയും സ്വന്തം സ്ഥലങ്ങളില്‍ എത്തിച്ചത്. തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ബസില്‍ എത്തിയ ഇവര്‍ ഗതാഗതം തിരിച്ചു വിട്ടതു കാരണം ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ ഇറങ്ങുകയായിരുന്നു. പിന്നീട് ബന്ധുക്കളെത്തി ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
കഴിഞ്ഞ 11 വര്‍ഷമായി സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ രെഞ്ചുവും, 9 വര്‍ഷമായി ബിജിയും യെമനിലാണ്. യുദ്ധം കടുത്തതോടെ ആറ് മാസത്തെ അവധിയും റീഎന്‍ട്രിയും നല്‍കിയാണ് ഇവരെ അയച്ചിരിക്കുന്നത്. യുദ്ധം അവസാനിക്കുമ്പോള്‍ തിരികെ പോകാന്‍ കഴിയും എന്നാണ് കരുതുന്നത്. ഇത്രയും നാളും സമ്പാദിച്ചതെല്ലാം ഉപേക്ഷിച്ച് വസ്ത്രങ്ങള്‍ മാത്രമാണ് ഇവര്‍ കൊണ്ടു വന്നിട്ടുള്ളത്. 8 കിലോ സാധനങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് കൊണ്ടു വരാന്‍ കഴിഞ്ഞതെന്ന് പറയുന്നു.
സന്ധ്യ കഴിഞ്ഞാല്‍ ബോംബിംഗും ഷെല്ലാക്രമണവും എല്ലാം നടക്കുന്നുണ്ട്. ബോംബിംഗിന്റെ ശബ്ദം ഭയപ്പെടുത്തുന്നുണ്ടെങ്കിലും ഇവര്‍ക്ക് പകല്‍ ജോലിക്ക് പോകുന്നതിന് യാതൊരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്ന് ബിജി പറഞ്ഞു.
അല്‍ജുമോറി ആശുപത്രിയില്‍ നഴ്‌സായ ബിജിയുടെ സഹോദരിമാരായ ജിജി റോയിയും ബിന്‍സി മാത്യും ഇവര്‍ക്കൊപ്പം നാട്ടിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ വരാന്‍ കഴിഞ്ഞില്ല. ഇവര്‍ ജിബൂത്തില്‍ കുടുങ്ങിയിരിക്കുകയാണ്. അടുത്ത വിമാനത്തില്‍ നാട്ടിലെത്തുമെന്ന് കരുതുന്നു. ജിജി നാലുവര്‍ഷമായി യെമനിലാണ്. ബിന്‍സി പോയിട്ട് ഒന്നര മാസമേ ആയുള്ളു.
ഒന്നര ലക്ഷം രൂപ ചെലവാക്കി പോയിട്ടുള്ള പലര്‍ക്കും ശമ്പളം പോലും ലഭിച്ചിട്ടില്ല. ശമ്പളത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഏജന്റുമാരും ഒഴിഞ്ഞുമാറുകയാണ്. പ്രശ്‌നം രക്ഷമായതോടെ പലരും ജീവന്‍ രക്ഷിക്കാന്‍ നാട്ടിലേക്ക് തിരിക്കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും അവിടെ തന്നെ കഴിയുകയാണ്. നാട്ടിലെത്തിയാല്‍ ഇനിയെന്തുചെയ്യും എന്ന ആശങ്കയാണ് പലുര്‍ക്കുമുള്ളത്. ശമ്പളം വാങ്ങുന്നതിനായി പേപ്പറുകള്‍ എല്ലാം ശരിയാക്കി ചെല്ലുമ്പോള്‍ ശമ്പളം കൊടുക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. തന്നെയുമല്ല ആ രേഖകളെല്ലാം നശിപ്പിച്ചു കളയുന്നതായും പറയുന്നു. അന്ത്യശാസനം അവസാനിക്കുന്നതോടെ എല്ലാ വിദേശികളും നാടുവിടുമെന്നതാണ് ഇങ്ങനെ ശമ്പളം നല്‍കാതിരിക്കന്നതിന്റെ കാരണം.
സൗദിയുടെ ഉടമസ്ഥതയില്‍ സാദായിലുള്ള ആശുപത്രിയിലെ 90 ഇന്‍ഡ്യക്കാര്‍ ഇപ്പോഴും പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിയിരിക്കുകയാണ്. ഇവിടെ ഹൂതി വിമതര്‍ ആശുപത്രി പിടിച്ചെടുത്തിരിക്കുകയാണ്.
ഇപ്പോള്‍ സ്‌കൂളുകള്‍ക്ക് അവധിക്കാലമായതിനാല്‍ എല്ലാവരും കുടുംബമായി തന്നെ നാട്ടലേക്ക് മടങ്ങുകയാണെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി യമനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മറ്റ് രാജ്യങ്ങള്‍ ഇതില്‍ ഇടപെട്ടതോടയാണ് ഇപ്പോള്‍ ഹൂതി വിമതരും ശക്തമായ യുദ്ധത്തിലേക്ക് നീങ്ങിയതെന്ന് ഇവര്‍ പറഞ്ഞു. ഏതായാലും ജീവന്‍ നഷ്ടപ്പെടാതെ നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.പ്രശ്‌നങ്ങള്‍ തീരുമ്പോള്‍ അധികം താമസിയാതെ വീണ്ടും മടങ്ങിപോകാം എന്നാണ് ഇവരുടെ പ്രതീക്ഷ.

You must be logged in to post a comment Login