രക്തസാമ്പിൾ നൽകില്ലെന്ന് ബിനോയ്; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു

ലൈംഗിക പീഡനപരാതിയിൽ തനിക്കെതിരെ മുംബൈ പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ബിനോയിയുടെ ഹർജി കോടതി ബുധനാഴ്ച പരിഗണിക്കും. അതേ സമയം ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകില്ലെന്ന് ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. മുൻകൂർ ജാമ്യവ്യവസ്ഥ പ്രകാരം ഇന്ന് രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകാൻ തയ്യാറല്ലെന്ന് ബിനോയ് കോടിയേരി പൊലീസിനെ അറിയിച്ചത്.

കേസ് റദ്ദാക്കണമെന്ന ഹർജി നൽകിയിട്ടുണ്ടെന്നും ഹർജി കോടതിയുടെ പരിഗണനയിലാണെന്നുമാണ് രക്തസാമ്പിൾ നൽകാത്തതിന് വിശദീകരണമായി ബിനോയ് കോടിയേരി പൊലീസിനെ അറിയിച്ചിരിക്കുന്നത്. കേസിൽ ഡിഎൻഎ പരിശോധനയുമായി സഹകരിക്കണമെന്ന് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ കോടതി ബിനോയ് കോടിയേരിയോട് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയിയോട് അന്വേഷണ സംഘം ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനോയ് ഇതിൽ നിന്നും പിൻമാറിയിരുന്നു. തുടർന്ന് ഈ ആഴ്ച തീർച്ചയായും രക്തസാമ്പിൾ നൽകണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിനോയ് ഹൈക്കോടതിയിൽ ഹർജി നൽകുകയും ഈ ഹർജി ചൂണ്ടിക്കാട്ടി രക്തസാമ്പിൾ നൽകാനാവില്ലെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തത്.

You must be logged in to post a comment Login