രക്ഷകരായി ജഡേജയും വിഹാരിയും; നേരിയ ലീഡ് വഴങ്ങി ഇന്ത്യ 292ന് പുറത്ത്

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് പോരാട്ടം 292 റൺസിൽ അവസാനിച്ചു.  40 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയാണ് ഇന്ത്യൻ ഇന്നിങ്സിന് തിരശ്ശീല വീണത്. കന്നി ടെസ്റ്റ് മത്സരം അർധ സെഞ്ച്വറി നേടി അവിസ്മരണീയമാക്കിയ ഹനുമ വിഹാരിയും പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച രവീന്ദ്ര ജഡേജയും ചേർന്ന വാലറ്റ കൂട്ടാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ 200 പോലും കടക്കില്ലെന്ന പ്രതീതിയിലായിരുന്നു ഇന്ത്യൻ സ്കോർ. ഒന്നാം ഇന്നിങ്സിൽ 332 റൺസെടുത്ത ഇംഗ്ലണ്ടിന് ഇതോടെ 40 റൺസ് ലീഡായി.

അരങ്ങേറ്റ ടെസ്റ്റ് കളിച്ച വിഹാരി 56 റൺസെടുത്തു പുറത്തായപ്പോൾ, ടെസ്റ്റിലെ തന്റെ ഉയർന്ന രണ്ടാമത്തെ സ്കോർ കണ്ടെത്തിയ ജഡേജ 86 റൺസുമായി പുറത്താകാതെ നിന്നു. 156 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ജഡേജ 86 റൺസെടുത്തത്. വിഹാരി 124 പന്തുകൾ നേരിട്ട് ഏഴ് ഫോറും ഒരു സിക്സും സഹിതമാണ് 56 റൺസ് കണ്ടെത്തിയത്. ഇം​ഗ്ലണ്ട് നിരയിൽ ആൻഡേഴ്സൻ, ബെൻ സ്റ്റോക്സ്, മോയിൻ അലി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റുവർട്ട് ബ്രോഡ്, സാം കുറൻ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ വിഹാരി- ജഡേജ സഖ്യം കരുതലോടെ ബാറ്റ് വീശി കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ 200 കടത്തുകയായിരുന്നു. ഒടുവിൽ ഇന്ത്യൻ സ്കോർ 237ൽ നിൽക്കെ മോയിൻ അലിയാണ് വിഹാരിയെ പുറത്താക്കിയത്. ഏഴാം വിക്കറ്റിൽ ജഡേജയ്ക്കൊപ്പം 77 റൺസ് കൂട്ടിച്ചേർത്താണ് വിഹാരി പുറത്തായത്. വിഹാരി പുറത്തായതിന് പിന്നാലെ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. അവസാന വിക്കറ്റിൽ ജസ്പ്രീത് ബുമ്റയെ ഒരറ്റത്തു സാക്ഷിനിർത്തി ആക്രമിച്ചു കളിച്ചാണ് ജഡേജ ഇന്ത്യൻ സ്കോർ 290 കടത്തിയത്. അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് 32 റൺസ് കൂട്ടിച്ചേർത്തു.

You must be logged in to post a comment Login