രക്ഷാ ദൗത്യം വിജയകരം; പതിനേഴ് ദിവസത്തിന് ശേഷം കോച്ചും പന്ത്രണ്ട് കുട്ടികളും ജീവിതത്തിലേക്ക് തിരിച്ചെത്തി (വീഡിയോ)

 

ചിയാങ് റായ്:  തായ്‌ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി. 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും വിജയസമാപ്തിയായതോടെ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട ചരിത്രമായി അതു മാറി.

ജൂൺ 23നാണ് ഉത്തര തായ്‍ലൻഡിൽ മ്യാൻമർ അതിർത്തിയിൽ ചിയാങ് റായ് വനമേഖലയിൽ ദോയി നാങ് നോൺ പർവതത്തിനു കീഴെയുള്ള താം ലുവാങ് ഗുഹയിൽ 12 കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും കയറിയത്. 11നും 16നും മധ്യേ പ്രായമുള്ളവരാണ് കുട്ടികൾ. ഇരുപത്തിയഞ്ചുകാരനാണു പരിശീലകൻ. ഇവർ കയറുന്ന സമയത്തു വെള്ളമുണ്ടായിരുന്നില്ല. ഗുഹയുടെ അകത്തുള്ളപ്പോൾ പെരുമഴ പെയ്തു. വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിൽ നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടർച്ചയായി മഴ പെയ്തതോടെ കാര്യങ്ങൾ സങ്കീർണമായി. 10 കിലോമീറ്റർ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റർ അകത്തെത്തി കുട്ടികൾ.

കുട്ടികളുടെ സൈക്കിൾ, ബാഗുകൾ, ഷൂസ് തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ് റായ് വനത്തിലെ റേഞ്ചർ വിവരമറിയിച്ചപ്പോഴാണ് സംശയമുണർന്നത്. കുട്ടികളുടെ മാതാപിതാക്കൾ മക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തുകയും ചെയ്തതോടെ ഗുഹയ്ക്കുള്ളിൽ പെട്ടതാകാമെന്ന് ഉറപ്പായി. ഒൻപതു ദിവസം നീണ്ട അതീവ ശ്രമകരമായ ദൗത്യത്തിനൊടുവിൽ ബ്രിട്ടിഷ് കേവ് റെസ്ക്യൂ കൗൺസിൽ അംഗങ്ങളായ നീന്തൽ വിദഗ്ധർ ജോൺ വോളന്തെനും റിച്ചാർഡ് സ്റ്റാന്റനുമാണു കുട്ടികളെ കണ്ടെത്തിയത്. തൊട്ടടുത്ത നിമിഷം തായ്‍ലൻഡിലേക്ക് ലോകം കാരുണ്യപൂർവം പാഞ്ഞെത്തി.

ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിൽ സാങ്കേതിക വിദഗ്ധർ, ഡൈവർമാർ, ഗുഹാ വിദഗ്ധർ, മെഡിക്കൽ സംഘം, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന രക്ഷാപ്രവർത്തകരാണ് രണ്ടാഴ്ചയിലേറെയായി താം ലുവാങ് ഗുഹാമുഖത്ത് കുട്ടികളെ രക്ഷിക്കാനായി പ്രവർത്തിച്ചത്. റോയൽ തായ് നാവികസേനയുടെ ഭാഗമായ തായ് നേവൽ സീലുകളാണു നേതൃത്വം നൽകിയത്. ഗുഹയിലേക്കു മറ്റു പ്രവേശനമാർഗങ്ങളുണ്ടോ എന്നു കണ്ടുപിടിക്കാൻ ഡ്രോണുകളും റോബട്ടുകളും ഉപയോഗിച്ചു. എന്നാൽ, ഗുഹയ്ക്കുള്ളിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ നേരിട്ടു പോവുകയല്ലാതെ മാർഗങ്ങളില്ലായിരുന്നു.

ബ്രിട്ടനിലെ ഡെർബിഷർ റെസ്ക്യൂ ഓർഗനൈസേഷനിൽനിന്നു കടം വാങ്ങിയ ഹേയ്ഫോൺ വിഎൽഎഫ് റേഡിയോകളുമായാണ് രക്ഷാപ്രവർത്തകർ ഗുഹയ്ക്കുള്ളിലേക്കു പോയത്. കുട്ടികളെ കണ്ടെത്തിയ ശേഷം അവരുടെ വിഡിയോ ഫോണിൽ പകർത്തിയതു പുറത്തു വന്നു. അകത്തേക്ക് ടെലിഫോൺ കേബിൾ വലിക്കാനുളള ശ്രമം വിജയിച്ചില്ല. കുട്ടികൾ കത്തുകൾ എഴുതി കൊടുത്തയച്ചു. മാതാപിതാക്കൾ തിരിച്ചും കത്തെഴുതി. ഗുഹയ്ക്കുള്ളിലേക്കു കയറും മുൻപ് വാങ്ങിയ ലഘുഭക്ഷണവും വെള്ളവും കോച്ചിന്റെ നിർദേശപ്രകാരം അൽപാൽപമായി കഴിച്ചാണ് പത്തുദിവസം പിന്നിട്ടത്. രക്ഷാപ്രവർത്തകർ കുട്ടികളെ കണ്ടെത്തിയ ശേഷം ഡോക്ടറുടെ നിർദേശപ്രകാരം പ്രത്യേക ജെല്ലികൾ, വിറ്റമിൻ, മിനറൽ ഗുളികൾ എന്നിവ നൽകി.

ബ്രിട്ടൻ, യുഎസ്, ചൈന, മ്യാൻമർ, ലാവോസ്, ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ ഏകോപനമാണു രക്ഷാപ്രവർത്തനത്തെ വിജയമാക്കിയത്. ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ 10.08 നാണ് മൂന്നാം ദിവസത്തെ രക്ഷാദൗത്യം പുനരാരംഭിച്ചത്. 19 ഡൈവർമാർ ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചു. ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകൾക്കൊപ്പം ഐവി ഡ്രിപ്പുകളും ആശുപത്രിയിലാക്കിയ കുട്ടികൾക്കു നൽകുന്നുണ്ട്. ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികൾക്കു ശ്വാസകോശത്തിൽ പ്രശ്നങ്ങൾ കണ്ടു. ചികിൽസ പൂർത്തിയാകാത്തതിനാലും അണുബാധ ഒഴിവാക്കാനും കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രി ജാലകത്തിലൂടെ തമ്മിൽ കാണാൻ മാത്രമാണ് അനുവദിച്ചത്.

അതേസമയം, ലോകകപ്പ് ഫൈനലിന് എത്താനാകുംവിധം രക്ഷപ്രാപിക്കട്ടെയെന്നു കുട്ടികളെ ഫിഫ ആശംസിച്ചിരുന്നു. എന്നാല്‍. ആരോഗ്യപരിശോധനകളുടെ ഭാഗമായി  കുട്ടികൾ ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടതായി വരും. രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകൾ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകൾക്കു കുട്ടികളെ വിധേയമാക്കുന്നതിനാലാണിതെന്നു തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചൊക്ദാംറോങ്സുക് അറിയിച്ചു. വരുന്ന ഞായറാഴ്ച, ജൂലൈ 15നാണ് ലോകകപ്പ് ഫൈനൽ.

You must be logged in to post a comment Login