രഘുറാം രാജന് പിന്‍ഗാമി ആര്‍ബിഐയില്‍നിന്ന് തന്നെ; ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക്‌

Patel

ന്യൂഡല്‍ഹി: ഉര്‍ജിത് പട്ടേല്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറാകും. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായ ഉര്‍ജിത് പട്ടേലിനെ പുതിയ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ രഘുറാം രാജന്‍ അടുത്ത മാസം നാലിന് സ്ഥാനമൊഴിയാനിരിക്കെയാണ് നിയമനം.

ബ്രിട്ടണിലെ യേല്‍ സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐയില്‍ വായ്പാനയത്തിന്റെ ചുമതലയിലുള്ള ഡെപ്യൂട്ടി ഗവര്‍ണറാണ്. രാജ്യത്തെ നാണയപെരുപ്പം നിയന്ത്രിക്കുന്നതിലും വായ്പാ നിരക്കുകള്‍ തീരുമാനിക്കുന്നതിലും രഘുറാം രാജന്റെ അടുത്ത കൂട്ടാളിയായിരുന്നു ഉര്‍ജിത്. രഘുറാം രാജനെ പോലെ സാമ്പത്തിക അച്ചടക്കത്തില്‍ കര്‍ക്കശ നിലപാടുകാരനാണ് ഇദ്ദേഹം.

52കാരനായ ഉര്‍ജിത് നേരത്തെ ഊര്‍ജ മന്ത്രാലയത്തിലും സാമ്പത്തിക കാര്യ വകുപ്പിലും ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്), എസ്ബിഐ ഡയറക്ടര്‍, റിലയന്‍സ് ഇന്‍ഡസ്ട്രി തുടങ്ങിയ ചുമതലവകളും വഹിച്ചിട്ടുണ്ട്.

2013ലാണ് ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി ചുമതലയേറ്റത്. ജനുവരിയില്‍ ഇദ്ദേഹത്തിന്റെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂടി കേന്ദ്രം നീട്ടി നല്‍കിയിരുന്നു. 2013 മുതല്‍ ആര്‍ബിഐയുടെ വായ്പാനയങ്ങളില്‍ പ്രധാന പങ്കുവഹിച്ചുവരുന്ന ഉര്‍ജിത് പട്ടേലാണ് ആര്‍ബിഐ ഗവര്‍ണര്‍ പട്ടികയില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. റിസര്‍വ് ബാങ്കില്‍ രഘുറാം രാജനൊപ്പം പ്രവര്‍ത്തിച്ച ഉര്‍ജിത് പട്ടേലാണ് നാണയപ്പെരുപ്പം നിര്‍ണയിക്കുന്നതിന് മൊത്തവ്യാപാര വില അടിസ്ഥാനമാക്കുന്നതിന് പകരം ഉപഭോക്തൃ വിലസൂചിക ആധാരമാക്കിയുള്ള പുതിയ പരിഷ്‌ക്കരണത്തിന് തുടക്കം കുറിച്ച സമിതിയുടെ നേതൃത്വം വഹിച്ചത്. അതേസമയം, വായ്പാനയം പ്രഖ്യാപിക്കുന്നതില്‍ രഘുറാം രാജന്റെ കണിശതയ്ക്ക് കൂട്ടുനിന്ന് വിപണിയിലെ പണലഭ്യതയ്ക്ക് മൂക്കുകയറിടാനുള്ള ശ്രമത്തില്‍ വ്യവസായികള്‍ക്കും ബാങ്കുകള്‍ക്കും ഇദ്ദേഹത്തോട് വിമര്‍ശനമുണ്ട്.

ലണ്ടന്‍ സ്‌കൂള്‍ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദവും ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്നും എംഫിലുമാണ് വിദ്യാഭ്യാസം.

You must be logged in to post a comment Login